കോടിയേരിയുടെയും മക്കളുടെയും സ്വത്തുവിവരങ്ങളും ബെനാമി എടപാടും പുറത്ത് വിടാൻ ഒരുക്കമാണോ?: എ.എ റഹീമിനെ വെല്ലുവിളിച്ച് പി.കെ ഫിറോസ്

ഡി.വൈ.എഫ്​.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം കെ.എം ഷാജിക്കെതിരെ ഉയർത്തിയ ആരോപണങ്ങളെ പരിഹസിച്ച്​ യൂത്ത്​ ലീഗ്​ സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്​. എ.എ റഹീമിന്റെ പത്രസമ്മേളനം ഒരു വലിയ തമാശയായിട്ടാണ് തോന്നിയത്. ഇക്കഴിഞ്ഞ നാലര വർഷക്കാലം പ്രമാദമായ ഒട്ടനവധി വിഷയങ്ങളുണ്ടായിട്ടും ഉണ്ണിയപ്പത്തിന് വില കൂടിയതിനെ കുറിച്ചും ആമസോൺ കാടുകളിൽ തീ പിടിച്ചതിനെ കുറിച്ചും മാത്രം സംസാരിച്ചിരുന്ന ഡി.വൈ.എഫ്.ഐ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷം എന്ന് പി.കെ.ഫിറോസ് ഫെയ്സ്ബുക്കിൽ​ പ്രതികരിച്ചു.

കെ.എം. ഷാജി എം.എൽ.എയുടെ തിരഞ്ഞെടുപ്പ് അഫിഡവിറ്റിൽ ക്രമക്കേട് ഉണ്ട്, എം.എൽ.എയുടെ സ്വത്തിൽ അസാധാരണമായ വളർച്ചയാണുണ്ടായത് തുടങ്ങിയ ആരോപണങ്ങൾ​ റഹീം നേരത്തേ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചിരുന്നു.

പി.കെ ഫിറോസ്​ പങ്കുവെച്ച ഫെയ്സ്​ബുക്ക്​ കുറിപ്പ്​:

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ പത്രസമ്മേളനം ഒരു വലിയ തമാശയായിട്ടാണ് തോന്നിയത്. ഇക്കഴിഞ്ഞ നാലര വർഷക്കാലം പ്രമാദമായ ഒട്ടനവധി വിഷയങ്ങളുണ്ടായിട്ടും ഉണ്ണിയപ്പത്തിന് വില കൂടിയതിനെ കുറിച്ചും ആമസോൺ കാടുകളിൽ തീ പിടിച്ചതിനെ കുറിച്ചും മാത്രം സംസാരിച്ചിരുന്ന ഡി.വൈ.എഫ്.ഐ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷം.

കെ.എം ഷാജി ഒരു വീടുണ്ടാക്കി എന്നതാണ് ഡി.വൈ.എഫ്. ഐ കണ്ടു പിടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അഫിഡവിറ്റിൽ അനോമലി ഉണ്ട് എന്നതാണ് മറ്റൊരു കണ്ടെത്തൽ. കേരളം ഭരിക്കുന്ന സി.പി.എമ്മും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും അത് പരിശോധിക്കട്ടെ. ഒരന്വേഷണ ഏജൻസിയുടെ മുമ്പിലും തലയിൽ മുണ്ടിട്ട് കെ.എം ഷാജിക്ക് പോവേണ്ടി വരില്ല എന്ന് ഞങ്ങൾക്കുറപ്പുണ്ട്. മാത്രവുമല്ല മയക്കുമരുന്ന് ഇടപാടുകാരുമായി ബിസിനസ് പങ്കാളിത്തമുള്ളതും കെ.എം ഷാജിക്കല്ല.

ഡി.വൈ.എഫ്.ഐ നേതാവ് സ്വന്തം പാർട്ടി സെക്രട്ടറിയുടെയും അവരുടെ മക്കളുടെയും സ്വത്തു വിവരങ്ങളും ബെനാമി എടപാടും പുറത്ത് വിടാൻ ഒരുക്കമാണോ? അവരുടെ സാമ്പത്തിക സ്രോതസ് എവിടെ നിന്നാണെന്ന് വ്യക്തമാക്കാൻ ഡി.വൈ.എഫ്.ഐ തയ്യാറുണ്ടോ?