മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ രൂക്ഷമായ വാക്ക്‌പോര്. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട് കാര്യോപദേശ സമിതി യോഗത്തിലാണ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. ജാഥ നടക്കുന്നത് കൊണ്ട് സര്‍ക്കാര്‍ സഹകരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തിന് നിങ്ങള്‍ വലിയ സഹകരണമാണല്ലോ നല്‍കുന്നതെന്ന് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പിന്നാലെ ഇഷ്ടം പോലെ ചെയ്യെന്ന് വി ഡി സതീശന്‍. ഇത്തരം വര്‍ത്തമാനങ്ങള്‍ വേണ്ടെന്ന് പറഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമായി. കോണ്‍ഗ്രസിന്റെ സമരാഗ്നിയെന്ന പേരിലുള്ള യാത്ര 9ന് നടത്തുന്നുണ്ട്. അതില്‍ സര്‍ക്കാര്‍ കൂടി സഹകരിക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാല്‍ നിങ്ങള്‍ നല്ല സഹകരണമാണല്ലോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് ഇമ്മാതിരി വര്‍ത്തമാനങ്ങള്‍ വേണ്ടെന്ന് വി ഡി സതീശന്‍ മറുപടി നല്‍കി.ഇങ്ങോട്ടും വേണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞതോടെ എന്നാല്‍ ഇഷ്ടം പോലെ ചെയ് എന്ന് സതീശന്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റേതുള്‍പ്പെടെ ആവശ്യം പരിഗണിച്ചാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കിയതെങ്കിലും രൂക്ഷമായ വാക്‌പോരാണ് കാര്യോപദേശക സമിതിയില്‍ ഉണ്ടായത്.പി സി വിഷ്ണുനാഥ് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല. പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുള്ളതല്ല സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും നവകേരള സദസ് നടത്തിപ്പിലെ അവകാശവാദങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റെ പരിഗണനയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.