ചിന്നക്കനാലിൽ നിന്നും കാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ തമിഴ് നാട്ടിലും ശല്യക്കാരനാകുന്നു. തമിഴ്നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി റേഷൻ കട ആക്രമിച്ചതായാണ് വിവരം. അരി കഴിക്കാൻ ഇഷ്ടപ്പെടുന്നതിനാലാണ് അരിക്കാമ്പൻ എന്ന പേര് വന്നത്. ഇതിനായി ഇടുക്കി ചിന്നക്കനാലിലെ റേഷൻ കടകളാണ് ആന ആക്രമിച്ച് തകർത്തിരുന്നത്. ഇപ്പോൾ കാട് മാറി തമിഴ്നാട് അതിർത്തിയിൽ എത്തിയിട്ടും അരിക്കൊമ്പൻ റേഷൻ കട ലക്ഷ്യമിട്ട് ഇറങ്ങിയിരിക്കുകയാണ്.
ഇന്നലെ രാത്രി രണ്ട് മണിയോടെ മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് അരിക്കൊമ്പൻ തകർക്കാൻ ശ്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരി എടുക്കാനായിട്ടില്ല. രാത്രിയോടെ തിരിച്ച് കാടുകയറിപ്പോയി. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് മേഘമലയിൽ നിന്നും കാട്ടാന ഒമ്പത് കിലോമീറ്റർ അകലെയുള്ള മണലാർ എസ്റ്റേറ്റിലേക്ക് എത്തിയത്. റേഷൻ കട ആക്രമിച്ച പശ്ചാത്തലത്തിൽ പ്രദേശവാസികളാകെ ആശങ്കയിലാണ്.
ചിന്നക്കനാലിൽ റേഷൻ കടകൾ തകർത്തും, ജനങ്ങളെ ഭീതിയിലാഴ്ത്തിയും വിഹരിച്ചിരുന്ന കൊമ്പനെ സർക്കാർ മുൻകൈയെടുത്ത് പ്രത്യേക ദൗത്യസംഘം രൂപീകരിച്ചാണ് പിടികൂടി പെരിയാർ കടുവ സങ്കേതത്തിലെത്തിച്ച് തുറന്നു വിട്ടത്. തുറന്നു വിട്ട ഇടത്തു നിന്നും കാട്ടിലേക്ക് കയറിയ അരിക്കൊമ്പൻ പിന്നീട് തമിഴ്നാട് മേഖലയിലേക്കാണ് സഞ്ചരിച്ചത്.