ചിന്നക്കനാലിനെ വിറപ്പിച്ചതോടെ തമിഴ് നാട്ടിലേക്ക് കാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. അരിക്കൊമ്പൻ കാട്ടിലൂടെ നടന്ന് കേരളത്തിലേക്ക് എത്തുന്നു എന്നാണ് പ്രചാരണം, തമിഴ്നാട്ടിലും ജനവാസ കേന്ദ്രങ്ങളിലെത്തി നാശം വിതച്ച ആനയെ വനംവകുപ്പ് വീണ്ടും മയക്കുവെടിവച്ച് ഉൾക്കാട്ടിലെത്തിച്ചിരുന്നു. പിന്നീട് അധികം പുറത്തിറങ്ങാതിരുന്ന ആന ഇപ്പോൾ വീണ്ടും ജനവാസ കേന്ദ്രങ്ങളിലെത്തിയിരിക്കുകയാണ്.
ഇപ്പോഴിതാ അരിക്കൊമ്പനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളെ തള്ളി തമിഴ്നാട് വനം വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിന്റെ എതിർദിശയിലാണ് ഇപ്പോൾ അരിക്കൊമ്പന്റെ സഞ്ചാരം. അപ്പർകോതയാർ മേഖലയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി. അരിക്കൊമ്പൻ കേരളത്തിലെത്തില്ലെന്നും ഉറപ്പു നൽകുന്നുണ്ട്.
കഴിഞ്ഞ രണ്ടു ദിവസമായി അരിക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങിയിരുന്നു. ഇന്നലെ അപ്പർ കോതയാറിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. റേഡിയോ കോളറിലെ സിഗ്നൽ പ്രകാരം അരിക്കൊമ്പൻ അപ്പർ കോതയാർ മേഖലയിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ആന വീണ്ടും ജനവാസമേഖലയിലിറങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും വനം വകുപ്പ് അറിയിച്ചു. ജനവാസ മേഖലയിൽ ജാഗ്രത തുടരും.