ഇടുക്കിയിൽ ഭീതി വിതച്ച കാട്ടാന അരിക്കൊമ്പന്റെ കാടുകടത്തൽ ഏറെ ചർച്ചയായിരുന്നു. ഇടുക്കിയിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിലെ വനമേഖലയിൽ എത്തിച്ച അരിക്കൊമ്പന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. തുറന്നു വിട്ട സ്ഥലത്തു നിന്നും മൂന്ന് കിലോമീറ്റർ അകലെ ആന ചുറ്റിത്തിരിയുന്നതായാണ് വിവരം.
പെരിയാർ കടുവാ സങ്കേതത്തിലെ ഉൾക്കാട്ടിൽ വിട്ട അരിക്കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിച്ചുവരികയാണ്. നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.ഇന്നലെ വൈകീട്ട് ലഭിച്ച സിഗ്നൽ പ്രകാരം മേദകാനം ഭാഗത്താണുണ്ടായിരുന്നത്.
പുതിയ സ്ഥലവുമായി പൊരുത്തപ്പെടാൻ ആനയ്ക്ക് സമയം എടുക്കും. ഇനി ജനവാസ മേഖലയിൽ ഇറങ്ങില്ലെന്നാണ് കരുതുന്നത്. അഞ്ചു മയക്കുവെടി വെച്ചത് ആരോഗ്യത്തെ ബാധിക്കില്ല. ശരീരത്തിലുള്ള മുറിവുകൾക്ക് ചികിത്സ നൽകിയിട്ടുണ്ട്. അഞ്ചു തവണ മയക്കുവെടിയേറ്റ അരിക്കൊമ്പൻ ഇന്ന് പൂർണമായും മയക്കം വിട്ട് ഉണരും.ദൗത്യ സംഘാംഗങ്ങളായ ഡോ. അരുൺ സക്കറിയയും സിസിഎഫ് ആർ എസ് അരുണുമാണ് വിവരങ്ങൾ നൽകിയത്.