സംസ്‌കാരശൂന്യമായ ഈ വെട്ടുകിളികളെ നിലക്ക് നിര്‍ത്തൂ..; കമ്മ്യൂണിസ്റ്റ് സൈബര്‍ സഖാക്കള്‍ക്ക് എതിരെ അരിതാ ബാബു

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും കമ്യൂണിസ്റ്റ് സഖാക്കള്‍ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപം തുടരുന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രിയ്ക്ക് അരിതാബാബുവിന്റെ കത്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അരിതാബാബു സൈബര്‍ സഖാക്കള്‍ തനിക്കെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപം ഇപ്പോഴും തുടരുന്നതായി സാമൂഹ്യ മാധ്യമത്തിലെ കുറിപ്പിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

അങ്ങേയറ്റം ഹീനവും നീചവുമായ അശ്‌ളീലം കലര്‍ന്നതുമായ രീതിയിലുള്ള പോസ്റ്റാണ് വരുന്നതെന്നു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. കവര്‍ചിത്രമായി മുഖ്യമന്ത്രിയുടെ മുഖം നല്‍കിയിരിക്കുന്നവരും പ്രണയമാണ് ചുവപ്പിനോട്, ആവേശമാണ് ചെങ്കൊടിയോട് എന്നൊക്കെ പ്രൊഫൈലില്‍ എഴുതി വെച്ചിരിക്കുന്നവരുമാണ് പ്രചരണത്തിന് പിന്നിലെന്നും പറഞ്ഞിട്ടുണ്ട്. തന്നെക്കുറിച്ച് നേരത്തേ ചാനലുകളിലും മറ്റും വന്ന വാര്‍ത്തകള്‍ രു തെളിവിന്റെയും പിന്‍ബലമില്ലാതെ പണം കൊടുത്തു ചെയ്യിച്ചതാണ് എന്ന രീതിയില്‍ നുണക്കഥ പ്രചരിപ്പിക്കുകയും ചെയ്യുന്നതായി പറയുന്നു. ഈ വാര്‍ത്ത ചെയ്്ത മാധ്യമപ്രവര്‍ത്തകയെ പോലും വെറുതേ വിട്ടിട്ടില്ലെന്നും പറഞ്ഞിട്ടുണ്ട്.

പശുക്കളെ വളര്‍ത്തിയും പാല്‍ കറന്നുവിറ്റുമാണ് ഞാന്‍ ഉപജീവനം നടത്തുന്നത്. ചെത്തുകാരന്റെ മകനായതില്‍ അഭിമാനിക്കുന്നു എന്ന അങ്ങയുടെ പ്രസ്താവന, രാഷ്ട്രീയമായി അങ്ങയുടെ മറുചേരിയില്‍ നിന്നുകൊണ്ടുതന്നെ, ആഹ്ലാദത്തോടെ കേട്ട ഒരാളാണ് ഞാന്‍.  എന്നാല്‍ അങ്ങയുടെ അനുയായികളെന്ന് ഉച്ചത്തില്‍ വിളംബരം ചെയ്യുന്ന ചിലര്‍ ഫെയ്‌സ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും എന്നെക്കുറിച്ച് നടത്തുന്ന അധിക്ഷേപങ്ങള്‍ ഒരു സ്ത്രീ എന്ന നിലയിലും, പൊതുരംഗത്തു നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയിലും, സാമൂഹിക ശ്രേണിയിലെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒരാളെന്ന നിലയിലും എന്നെ വേദനിപ്പിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങിനെ:…

അഭിവന്ദ്യനായ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്,

ഞാന്‍ അരിത ബാബു ,കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും അങ്ങയുടെ അനുയായികളും
പാര്‍ട്ടിക്കാരും അനുഭാവികളുമായ ചിലര്‍ എനിക്കെതിരെ നിര്‍ത്താതെ തുടരുന്ന അധിക്ഷേപങ്ങളെ കുറിച്ചും അപഹാസങ്ങളെ കുറിച്ചും പറയാനാണ് ഈ കുറിപ്പ്.

എന്റേതുപോലുള്ള ജീവിത, സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുള്ള ഒരു സ്ത്രീക്ക്
ഒരു മുഖ്യധാരാ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുന്നത് തന്നെ വലിയ കാര്യമായി ഞാന്‍ കാണുന്നു. പശുക്കളെ വളര്‍ത്തിയും പാല്‍ കറന്നുവിറ്റുമാണ് ഞാന്‍ ഉപജീവനം നടത്തുന്നത്.

ചെത്തുകാരന്റെ മകനായതില്‍ അഭിമാനിക്കുന്നു എന്ന അങ്ങയുടെ പ്രസ്താവന,
രാഷ്ട്രീയമായി അങ്ങയുടെ മറുചേരിയില്‍ നിന്നുകൊണ്ടുതന്നെ, ആഹ്ലാദത്തോടെ കേട്ട ഒരാളാണ് ഞാന്‍. എന്നാല്‍ അങ്ങയുടെ അനുയായികളെന്ന് ഉച്ചത്തില്‍ വിളംബരം ചെയ്യുന്ന ചിലര്‍ ഫെയ്‌സ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും എന്നെക്കുറിച്ച് നടത്തുന്ന അധിക്ഷേപങ്ങള്‍ ഒരു സ്ത്രീ എന്ന നിലയിലും, പൊതുരംഗത്തു നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയിലും, സാമൂഹിക ശ്രേണിയിലെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒരാളെന്ന നിലയിലും എന്നെ വേദനിപ്പിക്കുന്നു.
എന്റേതുപോലുള്ള ജീവിതസാഹചര്യങ്ങളില്‍ നിന്ന് വരുന്ന സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളില്‍ സവിശേഷമായ ശ്രദ്ധ കിട്ടാറുണ്ട്.

ക്ഷീരകര്‍ഷകന്‍ ആയ സി കെ ശശീന്ദ്രന്‍ കല്‍പ്പറ്റയില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ലളിത ജീവിതവും കാര്‍ഷിക ചുറ്റുപാടുകളുമൊക്കെ മാധ്യമങ്ങള്‍ ആഘോഷിച്ചത് അങ്ങേയ്ക്ക് ഓര്‍മ്മ കാണുമല്ലോ. കര്‍ഷക ത്തൊഴിലാളിയായ കെ രാധാകൃഷ്ണന്‍ ചേലക്കരയില്‍ ആദ്യം മത്സരിച്ചപ്പോള്‍ മാത്രമല്ല ഒടുവില്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പോലും തലയില്‍ തോര്‍ത്ത് കെട്ടി കൃഷിയിടത്തില്‍ ഇറങ്ങുന്നതിന്റെ വിഷ്വല്‍ സ്റ്റോറികള്‍ പുറത്തു വന്നു. എസ് എഫ് ഐയുടെ അഖിലേന്ത്യാ നേതാവും പിഎച്ച്ഡി ഹോള്‍ഡറുമായ പി കെ ബിജു ആലത്തൂരില്‍ മത്സരിച്ചപ്പോള്‍ വന്ന ഒരു വാര്‍ത്ത ഞാനോര്‍ക്കുന്നു. ബിജു സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശം നല്‍കുന്ന ദിവസം, കോട്ടയത്തെ പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന് വയലില്‍ കറ്റ കെട്ടാന്‍ പോയി മടങ്ങി വരുന്ന അമ്മയെ കുറിച്ചായിരുന്നു ആ വാര്‍ത്ത. ബിജുവിന്റെഅമ്മ 20 വര്‍ഷം മുമ്പ് നിര്‍ത്തിയ ഒരു ജോലി, മകന്റെ തെരഞ്ഞെടുപ്പ് കാലത്ത് ക്യാമറയ്ക്ക് വേണ്ടി മാത്രമായി പോസ് ചെയ്യുകയായിരുന്നുവെന്ന് അത് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. പക്ഷേ പികെ ബിജുവിന്റെ രാഷ്ട്രീയം രൂപപ്പെടുന്നത് ആ അമ്മയുടെ ഭൂതകാലം കൂടിച്ചേര്‍ന്നാണ് എന്ന് മനസ്സിലാക്കുന്ന ഒരാള്‍ക്ക് അതിനെ അധിക്ഷേപിക്കാന്‍ കഴിയില്ല. ഞാനത് ചെയ്യില്ല.

കോണ്‍ഗ്രസ് പാര്‍ട്ടി എന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന ദിവസം വരെ
ഞാന്‍ ചെയ്ത ജോലിയാണ് പാല്‍ വില്പന. തെരഞ്ഞെടുപ്പുകാലത്ത് മാറ്റിവെച്ചത് ഒഴിച്ചാല്‍ അതാണ് എന്റെ ജോലി. ഇപ്പോഴും, ഇത് എഴുതുന്ന ദിവസവും അത് തന്നെയാണ് ഞാന്‍ ചെയ്യുന്ന ജോലി. സ്വാഭാവികമായും ആ ജോലി മുന്‍നിര്‍ത്തിയാണു എന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ തയ്യാറാക്കപ്പെട്ടത്. ആ ജോലിയുടെ പേര് പറഞ്ഞാണ് അങ്ങയുടെ അനുയായികള്‍ ഇപ്പോഴും എന്നെ അപഹസിക്കുന്നത്. എന്റെ ദാരിദ്ര്യത്തെയും തൊഴിലിനെയും സാമൂഹികമായ അധസ്ഥിതാവസ്ഥയേയും പരിഹസിക്കുകയാണോ നിങ്ങള്‍?

ഏഷ്യാനെറ്റിലെ ലക്ഷ്മി പത്മ എന്ന മാധ്യമപ്രവര്‍ത്തക എന്നെക്കുറിച്ച് തയ്യാറാക്കിയ ഒരു പ്രോഗ്രാമിന്റെ പേരില്‍ അവരെയും എന്നെയും അധിക്ഷേപിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ‘പാല്‍ക്കാരീ’ ‘കറവക്കാരീ ‘ എന്നുമൊക്കെയുള്ള വിളികള്‍ അതിന്റെ നേരിട്ടുള്ള അര്‍ത്ഥത്തില്‍ ആണെങ്കില്‍ സന്തോഷത്തോടെ കേള്‍ക്കാവുന്ന രാഷ്ട്രീയ ബോധ്യം എനിക്കുണ്ട്. എന്നാല്‍, ‘കറവ വറ്റിയോ ചാച്ചീ’, ‘ നിനക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു മുത്തേ, നമുക്ക് അല്പം പാല്‍ കറന്നാലോ ഈ രാത്രിയില്‍?’ എന്നൊക്കെ ചോദിക്കുന്നവര്‍ അങ്ങയുടെ ചിത്രങ്ങളാണ് സഖാവേ കവര്‍ ചിത്രമായി കൊടുക്കുന്നത്. പ്രണയമാണ് ചുവപ്പിനോട്, ആവേശമാണ് ചെങ്കൊടിയോട് എന്നൊക്കെ പ്രൊഫൈലില്‍ എഴുതി വെക്കുന്നവര്‍ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്. എന്നെ കുറിച്ച് വന്ന വാര്‍ത്തകള്‍ ഞാന്‍ പണം കൊടുത്തു ചെയ്യിച്ചതാണ് എന്ന നുണക്കഥ ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ അവര്‍ പ്രചരിപ്പിക്കുന്നു.

മാത്രമല്ല ലിന്റോ ജോസഫ് (തിരുവമ്പാടി) , R.ബിന്ദു (ഇരിഞ്ഞാലക്കുട) , പി.പ്രഭാകരന്‍ (മലമ്പുഴ), എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ) ,ഷെല്‍ന നിഷാദ് (ആലുവാ) എന്നീ ഇടത് സ്ഥാനാര്‍ത്ഥികളുടെയൊക്കെ കഥകള്‍ ഇതേ രീതിയില്‍ ഇതേ ചാനലിന്റെ ഇതേ പരിപാടിയില്‍ തന്നെ വന്നിരുന്നു. അവരുടെ ഒന്നും എതിര്‍ സ്ഥാനാര്‍ത്ഥികളോ അണികളോ ഈ വിധം അസഹിഷ്ണുക്കളായി കണ്ടില്ല.

ഈ അധിക്ഷേപ വര്‍ഷത്തിന്റെ തുടക്കത്തില്‍ സിപിഐഎമ്മിനാല്‍ നിയോഗിക്കപ്പെട്ടവരാണ് ഇവര്‍ എന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ ഒരു പൊതു പ്രവര്‍ത്തകയായ ഞാനും മാധ്യമപ്രവര്‍ത്തകയായ ലക്ഷ്മി പത്മയും ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ആരും തന്നെ അതിനെ തള്ളിപ്പറഞ്ഞിട്ടില്ല എന്നത് എന്നെ നിരാശപ്പെടുത്തുന്നു. മാറ്റി ചിന്തിപ്പിക്കുന്നു
ഈ അധിക്ഷേപം നടത്തിയവരില്‍ ചിലര്‍ വ്യാജ ഐഡി കള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്ന ക്രിമിനലുകളാണ് എന്ന് എനിക്കറിയാം. ഭീരുക്കളായ നിങ്ങളുടെ കിങ്കരന്മാര്‍. എന്നാല്‍ അവരെ ഓര്‍ത്തല്ല, അവരിലൂടെ ജനങ്ങളോട് രാഷ്ട്രീയം പറയാമെന്ന് തീരുമാനിച്ച രാഷ്ട്രീയ നേതൃത്വത്തെ ഓര്‍ത്താണ് ഇന്ന് ഞാന്‍ ലജ്ജിക്കുന്നത്.

നിങ്ങള്‍ പറയുന്ന പുരോഗമന പക്ഷ / സ്ത്രീപക്ഷ രാഷ്ട്രീയം ആത്മാര്‍ത്ഥത ഉള്ളതാണെങ്കില്‍ സംസ്‌കാര ശൂന്യമായ ഈ വെട്ടുകിളികളെ നിലക്ക് നിര്‍ത്തൂ. അതല്ല, എകെജി സെന്ററിന്റെ അടുക്കളപ്പുറത്തല്ല ഇവറ്റകളുടെ നിത്യഭക്ഷണമെങ്കില്‍, ദയവായി അവരെ തള്ളിപ്പറയൂ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം