അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും കൊടും ക്രിമിനലുകള്‍: ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്

അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും കൊടും ക്രിമിനലുകളാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്. ഡിവൈഎഫ്‌ഐയുടെ യൂണിറ്റ് കമ്മിറ്റിയില്‍ പോലും ഇവര്‍ അംഗങ്ങളല്ല. കൊടി പിടിച്ചുകൊണ്ടുള്ള ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് തങ്ങള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് തെളിയിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും സതീഷ് പറഞ്ഞു.

പി.ജയരാജന്റെ പ്രതിച്ഛായ തെറ്റായ രീതിയില്‍ ഉപയോഗിച്ചാണ് ആകാശ് തില്ലങ്കേരി, അര്‍ജ്ജുന്‍ ആയങ്കി എന്നിവരുടെ ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡിവെഎഫ്‌ഐ നേതാവ് മനു സി വര്‍ഗ്ഗീസ് പറഞ്ഞിരുന്നു. പി ജയരാജന്‍ ഇവരെ തള്ളിപ്പറഞ്ഞിരുന്നുവെന്നും എന്നിട്ടും അദ്ദേഹത്തെ പുകഴ്ത്തി പിന്നാലെ എത്തുന്ന ക്വട്ടേഷന്‍ സംഘങ്ങളുടെ മനോനിലയക്ക് തകരാറുണ്ടെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പ്രതികരിച്ചിരുന്നു.

Read more

വീണ്ടും വീണ്ടും പൊതുമധ്യത്തിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ താനും നിര്‍ബന്ധിതനായേക്കും. അപ്പോഴുണ്ടായേക്കാവുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദിത്വം പറയേണ്ടുന്നത് ഇതിന് തുടക്കമിട്ടവരാണെന്നും കഴിഞ്ഞ ദിവസം അര്‍ജുന്‍ ആയങ്കി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ആജീവനാന്തം കുറ്റവാളിയെന്ന് ചാപ്പയടിക്കുന്നത് ശരിയാണോ, കുറ്റകൃത്യത്തില്‍ തന്നെ തളച്ചിടുകയല്ലല്ലോ വേണ്ടതെന്നും അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐയോട് ചോദിച്ചു.