കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ എട്ടാം ദിവസവും വിഫലം. പുഴയില്‍ കര ഭാഗത്ത് നിന്ന് 40 മീറ്റര്‍ അകലെ സിഗ്‌നല്‍ കിട്ടിയതിനെ തുടര്‍ന്ന് ഇന്ന് ഗംഗാവലി പുഴയിലായിരുന്നു തിരച്ചില്‍ നടത്തിയത്. എന്നാല്‍ പുഴയിലെ രക്ഷാദൗത്യം സൈന്യം താത്കാലികമായി അവസാനിപ്പിച്ചു.
പുഴയിലെ വെള്ളത്തിന്റെ ഒഴുക്കാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നത്. ശക്തമായ അടിയൊഴുക്കിനെ തുടര്‍ന്ന് സൈന്യം രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് കരയ്ക്ക് കയറുകയായിരുന്നു. അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് വെള്ളത്തില്‍ ഇറങ്ങാന്‍ സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം സന്നദ്ധപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇനി രക്ഷാപ്രവര്‍ത്തനം ഇല്ലെന്ന് എസ്പി അറിയിച്ചു. സൈന്യവും നേവിയും എന്‍ഡിആര്‍എഫും മാത്രം തിരച്ചില്‍ നടത്തും. ദുരന്തസ്ഥലത്തേക്ക് പോകാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അനുമതിയില്ല. അര്‍ജുന്റെ ബന്ധു ജിതിന് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്.