മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആശ്വാസം പകര്‍ന്നെന്ന് അര്‍ജുന്റെ കുടുംബം; സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കി മടങ്ങി

കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി അര്‍ജുന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്. അര്‍ജുന്റെ കുടുംബം വീട്ടിലെത്തിയ മുഖ്യമന്ത്രിയ്ക്ക് നിവേദനം കൈമാറി.

ഇന്ന് ഉച്ചയ്ക്ക് 12.30ന് അര്‍ജുന്റെ വീട്ടിലെത്തിയ പിണറായി വിജയന്‍ 15 മിനുട്ടോളം അവിടെ ചെലവഴിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്. അര്‍ജുന്റെ കുടുംബത്തിനായി സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനല്‍കി. പിണറായി വിജയന്റെ സന്ദര്‍ശനം തങ്ങള്‍ക്ക് ആശ്വാസമേകിയെന്ന് അര്‍ജുന്റെ കുടുംബം പറഞ്ഞു.

തങ്ങളെ പോലെ ഇപ്പോള്‍ കേരളത്തില്‍ ഏറെ പേര്‍ ദുഃഖം അനുഭവിക്കുന്നുണ്ടെന്നും അവരെയൊക്കെ കാണുന്നതുപോലെ മുഖ്യമന്ത്രി തങ്ങളുടെ പക്കലെത്തി ആശ്വാസം പകര്‍ന്നെന്നും അര്‍ജുന്റെ കുടുംബം അറിയിച്ചു. അതേസമയം ഗംഗാവലി പുഴയില്‍ തിരച്ചില്‍ നടത്താനെത്തിയ ഈശ്വര്‍ മാല്‍പെയെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും കുടുംബം ആരോപിച്ചു. ഒഴുക്ക് ശമിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് ജില്ലാ ഭരണകൂടം മാല്‍പെയെ തിരിച്ചയച്ചത്.