അർജുനായി 14-ാം ദിനം: കാലാവസ്ഥ അനുകൂലമെങ്കില്‍ മാത്രം പുഴയില്‍ തിരച്ചില്‍; തൃശൂരിൽ നിന്ന് ഡ്രഡ്ജിംഗ് യന്ത്രത്തിന്റെ ഓപ്പറേറ്റർ ഷിരൂരിലേക്ക്

മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിൽ 14-ാം ദിനത്തിലേക്ക്. പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും പുഴയിലെ ചെളിയും ദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രം ഇന്ന് നദിയിൽ പരിശോധന നടത്തുമെന്നാണ് അറിയിപ്പ്. ഇന്നലെ നടത്തിയ തിരച്ചിലിലും ഒന്നും കണ്ടെത്താനായിരുന്നില്ല. അതേസമയം ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ഗതാഗത നിയന്ത്രണം തുടരും. തൽക്കാലം ദേശീയപാതയിലെ ഗതാഗതം തൽക്കാലം പുനഃസ്ഥാപിക്കില്ല.

വരുന്ന 21 ദിവസം ഷിരൂരിൽ മഴ പ്രവചിച്ചതിനാലാണ് കാലാവസ്ഥ അനുകൂലമായാൽ മാത്രം തിരച്ചിൽ നടത്താനുള്ള സർക്കാർ നീക്കം. ശക്തമായ മഴയാണ് ഷിരൂരിൽ പെയ്യുന്നത്. ഈ സാഹചര്യത്തിൽ തിരച്ചിൽ ദുഷ്കരമാണ്. പുഴയുടെ അടിയൊഴുക്ക് ദൗത്യസംഘത്തിന് വെല്ലുവിളിയാണ്. അർജുനയുള്ള തിരച്ചിൽ താൽകാലികമായി നിർത്തിവെച്ചതായി കാർവാർ എംഎൽഎ സതീഷ് സെയിൽ അറിയിച്ചിരുന്നു. ഗം​ഗാവലി പുഴയിലെ അടിയൊഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തകർക്ക് പുഴയിൽ ഇറങ്ങാൻ സാധിക്കുന്നില്ലെന്നായിരുന്നു എംഎൽഎയുടെ വിശദീകരണം. എന്നാൽ ഈ നടപടിയിൽ കേരളത്തിൽ നിന്നുള്ള എംഎൽഎമാരും ബന്ധു ജിതിനും മന്ത്രി മുഹമ്മദ് റിയാസും പ്രതിഷേധമറിയിച്ചിരുന്നു. ​

അതേസമയം തൃശൂരിലെ ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റർ ഇന്ന് ഷിരൂരിൽ എത്തും. സ്ഥലത്ത് ഡ്രഡ്ജിങ്ങ് യന്ത്രം അനുയോജ്യമാണോ എന്ന് പരിശോധിക്കും. കാർ മാർഗ്ഗമാണ് ഇവർ പുറപ്പെട്ടിരിക്കുന്നത്. രണ്ട് അസി ഡയറക്ടർ, മിഷീൻ ഓപ്പറേറ്റർ എന്നിവരാണ് സംഘത്തിലുള്ളത്. അസിസ്റ്റന്റ് വിവൻസി എജെ, പ്രതീഷ് വിഎസ് എന്നിവരും ഓപ്പറേറ്റർ കം ടെക്നീഷ്യനുമാണ് സംഘത്തിലുള്ളത്.