'അറസ്റ്റ് തികഞ്ഞ പ്രതികാര നടപടി'; പി.സി ജോര്‍ജിനെ പിന്തുണച്ച് കോണ്‍ഗ്രസ്

പിസി ജോര്‍ജിനെ പിന്തുണച്ച് കോണ്‍ഗ്രസ്. പി.സി ജോര്‍ജിന്റെ അറസ്റ്റ് തികഞ്ഞ പ്രതികാര നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്നും സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രി ഉളുപ്പില്ലാത്ത ആളാണ്. സരിതയെ വിശ്വസിച്ച സര്‍ക്കാര്‍ എന്തുകൊണ്ട് സ്വപ്നയെ വിശ്വസിക്കുന്നില്ലെന്ന് കെ സുധാകരന്‍ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാംപിലായിരുന്നു കെ സുധാകരന്റെ പരാമര്‍ശങ്ങള്‍.

അതേസമയം, പീഡന കേസില്‍ പി.സി ജോര്‍ജിന് ജാമ്യം നല്‍കിയ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി പറഞ്ഞു. പിസി ജോര്‍ജിനെതിരായ പരാതിയില്‍ തെളിവുണ്ടെന്ന് പറഞ്ഞ പരാതിക്കാരി കൂടുതല്‍ തെളിവുകളുള്‍പ്പെടെ നിരത്തി നാളെത്തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പറഞ്ഞു.

പിസി ജോര്‍ജ് നല്ലൊരു മെന്ററായിരുന്നെന്നത് ശരിയാണെന്ന് പരാതിക്കാരി പറഞ്ഞു. പീഢനശ്രമത്തോടെ അത് മാറി. ജോര്‍ജ് തനിക്കെതിരെ അപവാദം പറയുന്നത് നിര്‍ത്തണം.മോശക്കാരിയാണെന്ന് വരുത്തി തീര്‍ത്താലും പറയാനുള്ളത് പറയും.

Read more

 പിസി ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. തന്നോട് മോശമായി പെരുമാറിയില്ലേ എന്ന് പിസി ജോര്‍ജ് സ്വന്തം മനസാക്ഷിയോട് ചോദിക്കണം. ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കാതെ പിസി ജോര്‍ജ് പരസ്യസംവാദത്തിന് തയാറാകണമെന്നും പരാതിക്കാരി വെല്ലുവിളിച്ചു.സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരി നല്‍കിയ പീഡനക്കേസില്‍  തിരുവനന്തപുരം ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആണ് പി സി ജോര്‍ജിന് ജാമ്യം നല്‍കിയത്. തന്നെ അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന പി സി ജോര്‍ജ്ജിന്റെ വാദം കോടതി അംഗീകരിച്ചാണ് ജോര്‍ജിന് കോടതി ജാമ്യം നല്‍കിയത്. രണ്ടര മണിക്കൂറോളം നീണ്ട വാദത്തിന് ശേഷമാണ് ഉപാധികളോടെ പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ചത്.