കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന് സസ്പെൻഷൻ. സംഭവത്തിൽ അന്വേഷണം നടത്താനും ഐഒസി തീരുമാനിച്ചു. അലക്സ് മാത്യുവിൻ്റെ കൊച്ചിയിലെ വീട്ടിൽനിന്ന് നാല് ലക്ഷം രൂപയും ഏഴ് കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തിരുന്നു. വസ്‌തുക്കൾ വാങ്ങിയതിൻ്റെ രേഖകളും കണ്ടെത്തി. അതേസമയം ദേഹാസ്വാസ്ഥ്യം മൂലം അലക്സ് മാത്യുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയിലായിരുന്നു കൊച്ചിയിലെ വീട്ടിൽ വിജിലൻസ് റെയ്‌ഡ് നടത്തിയത്. ഗ്യാസ് ഏജൻസിക്കാരുടെ കൈയിൽ നിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജറെ വിജിലൻസ് പിടികൂടുന്നത്. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി തിരുവനന്തപുരം പൂജപ്പുരയിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 ആണ് ഉദ്യോഗസ്ഥനെ പിടിച്ചത്. കൊല്ലം കടയ്ക്കൽ സ്വദേശിയായ പരാതിക്കാരൻ്റെ ഭാര്യയുടെ പേരിലുള്ള ഗ്യാസ് ഏജൻസിയിൽ നിന്നും കസ്റ്റമേഴ്‌സിനെ അടുത്തുള്ള മറ്റു ഏജൻസികളിലേയ്ക്ക് മാറ്റാതിരിക്കാൻ പത്ത് ലക്ഷം രൂപയാണ് അലക്‌സ് മാത്യു കൈക്കൂലിയായി ആവശ്യപ്പെട്ടത്.
കടയ്ക്കൽ ഭാഗത്ത് പരാതിക്കാരൻ്റെ ഭാര്യയുടെ പേരിലുള്ള ഗ്യാസ് ഏജൻസിയെ കൂടാതെ മറ്റ് മൂന്ന് ഏജൻസികൾ കൂടി ഇന്ത്യൻ ഓയിൽ കോർപറേഷന് ഉണ്ട്. രണ്ട് മാസം മുമ്പ് പ്രതി പരാതിക്കാരനെ ഫോണിൽ വിളിച്ച് എറണാകുളത്തുള്ള വീട്ടിൽ ചെല്ലാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കസ്റ്റമേഴ്‌സിനെ മറ്റ് ഏജൻസിലേക്ക് മാറ്റാതിരിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാൽ പരാതിക്കാരൻ തുക നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞു തിരികെപ്പോരുകയും ചെയ്‌തു.
അതിനെത്തുടർന്ന് പരാതിക്കാരൻ്റെ ഭാര്യയുടെ പേരിലുള്ള ഗ്യാസ് ഏജൻസിയിൽ നിന്നും ഉദ്ദേശം 1200 ഓളം കണക്ഷൻ പ്രതി മാറ്റി അടുത്തുള്ള മറ്റൊരു ഏജൻസിക്ക് നൽകിയിരുന്നു. തുടർന്ന് മാർച്ച് 15ന് രാവിലെ പ്രതി അലക്സ് മാത്യു പരാതിക്കാരൻ്റെ ഫോണിൽ വിളിച്ചിട്ട് ഇന്ന് തിരുവനന്തപുരത്ത് വരുന്നുണ്ടെന്നും പറഞ്ഞ തുക അവിടെവച്ചു നേരിട്ട് നൽകണമെന്നും അല്ലെങ്കിൽ കസ്റ്റമേഴ്‌സിനെ കൂടുതലായി മറ്റു ഏജൻസികളിലേയ്ക്ക് മാറ്റി കൊടുക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ വിവരം പൂജപ്പുരയിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം 7.30ന് പരാതിക്കാരൻ്റെ വീട്ടിലെത്തി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങവേയാണ് അലക്‌സ് മാത്യുവിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടിയത്. അറസ്റ്റ് ചെയ്‌ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്‌ത ഐപിഎസ് അഭ്യർത്ഥിച്ചു.