മുഖ്യമന്ത്രിയുടെ മകളെ മന്ത്രി മുഹമ്മദ് റിയാസ് കല്യാണം കഴിച്ചതിനെരിരെ പ്രസംഗിച്ചതിന് തന്നെ അഴിമതിക്കേസില്‍ കുടുക്കി വേട്ടയാടുകയാണെന്ന് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി. റിയാസ് മറ്റൊരുമതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്താല്‍ അത് വ്യഭിചാരമാണെന്നത് മതശാസനയാണെന്നും അന്നത്തെ പ്രസംഗം തെറ്റാണെന്ന തോന്നല്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
റിയാസിന്റെ പേര് പറയേണ്ടിയിരുന്നില്ല എന്ന് പാര്‍ട്ടി പറഞ്ഞത് താന്‍ ഉള്‍കൊണ്ടിട്ടുണ്ട്. മട്ടന്നൂരിലെ പള്ളി നിര്‍മ്മാണത്തില്‍ ഏഴ് കോടിയുടെ അഴിമതി നടത്തിയെന്ന കള്ളക്കേസില്‍ തന്നെ കുടുക്കാന്‍ ലീഗിലെ ചിലരും രംഗത്തുണ്ട്. വലംകൈയായി നിന്ന മട്ടന്നൂരിലെ നേതാവാണ് ചതിച്ചതെന്നും കല്ലായി പറഞ്ഞു.
മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന കേസിലാണ് അബ്ദുറഹ്മാന്‍ കല്ലായി അടക്കം മൂന്നുപേരുടെ അറസ്റ്റ് ചെയ്തത്. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പള്ളി നിര്‍മ്മാണത്തില്‍ അഞ്ച് കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് പരാതി.
പള്ളി കമ്മിറ്റി അംഗം നെടുവോട്ടുംകുന്നിലെ എംവി ഷമീറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മട്ടന്നൂര്‍ ജുമാ മസ്ജിദ്, ഇതിനോട് ചേര്‍ന്ന ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെ നിര്‍മ്മാണത്തില്‍ വഖഫ് ബോര്‍ഡിനെ വെട്ടിച്ച് അഞ്ച് കോടി രൂപയോളം തട്ടിയെന്നാണ് കേസ്.