പുകമഞ്ഞ്; ഡല്‍ഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ സർക്കാർ, സഹായിക്കാമെന്ന് ഐഐടി കാന്‍പുര്‍

ഡല്‍ഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ തയ്യാറെടുത്ത് ആം ആദ്മി സർക്കാർ. പുകമഞ്ഞ് മൂടിയ ഡൽഹിയെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. നഗരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് സർക്കാർ നീക്കം.

ഈ മാസം 20,21 തീയതികളില്‍ ഡല്‍ഹി കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിയാണ് എഎപി സര്‍ക്കാരിന് മുന്നിലുള്ളത്. അന്തരീക്ഷ മലിനീകരണം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രിഗോപാല്‍ റായി ഇന്ന് ഉച്ചയ്ക്ക് എല്ലാ മന്ത്രിമാരുടേയും യോഗം വിളിച്ചിട്ടുണ്ട്. വായുമലിനീകരണ തോത് ഒരാഴ്ചയായി ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്ന സാഹചര്യത്തിലാണിത്.

കൃത്രിമ മഴ പദ്ധതിയുടെ ഭാഗമായി ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായിയും ധനമന്ത്രി അതിഷിയും ഐഐടി കാണ്‍പുര്‍ സംഘവുമായി ചര്‍ച്ച നടത്തി. കൃത്രിമ മഴ പെയ്യിക്കാന്‍ സഹായിക്കാമെന്ന് ഐഐടി കാന്‍പുര്‍ ഡല്‍ഹി സര്‍ക്കാരിന് വാഗ്ദാനം നല്‍കി. ഐഐടി സംഘത്തോട് പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ പദ്ധതി വെള്ളിയാഴ്ച ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. ഡല്‍ഹിയിലെ വിഷവായുവിന്റെ അളവ് കുറയ്ക്കാന്‍ എടുത്ത നടപടികള്‍ സംബന്ധിച്ച് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു. സുപ്രീം കോടതി അനുമതി നല്‍കിയാല്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കും.

Read more

കൃത്രിമ മഴ സൃഷ്ടിക്കാന്‍ കുറഞ്ഞത് 40 ശതമാനം മേഘപാളികള്‍ വേണമെന്നാണ് ഐഐടി സംഘം പറയുന്നത്. നവംബര്‍ 20 ,21 തീയതികളില്‍ ഡല്‍ഹിയിലെ അന്തരീക്ഷം മേഘാവൃതമാകാന്‍ സാധ്യതയുണ്ട്. അനുമതി ലഭിച്ചാല്‍ പദ്ധതി നടപ്പാക്കാമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. ഞങ്ങളതിന്റെ പഠനത്തിലേക്ക് കടക്കുമെന്നും ഐഐടി സംഘം വ്യക്തമാക്കി.