കത്തിന്റെ പേരില്‍ തനിക്കെതിരെ വ്യാജപ്രചരണം നടക്കുന്നുവെന്ന് കാണിച്ച് നാളെ പൊലീസില്‍ പരാതി നല്‍കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. അതേ സമയം മേയറുടെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ഡെപ്യുട്ടി മേയര്‍ പി കെ രാജു സ്വകാര്യ ചാനലില്‍ പറഞ്ഞു. സി പി എം നേതാക്കളാരും കത്ത് വ്യാജമെന്ന് പറയാതിരിക്കുമ്പോള്‍ സി പി ഐ നേതാവ് കൂടിയായ പി കെ രാജു കത്ത് വ്യാജമെന്ന് ചാനലില്‍ അവകാശപ്പെട്ടത് സി പി എമ്മിനെ വീണ്ടും അങ്കലാപ്പിലാക്കി.
കത്ത് വ്യാജമായുണ്ടാക്കിയതാണെന്ന് സി പി എമ്മോ മേയറോ ഇതുവരെ പറഞ്ഞിട്ടില്ല. തന്റെ പേരില്‍ വ്യാജക്കത്തുണ്ടാക്കിയെന്നല്ല, മറിച്ച് വ്യാജപ്രചരണം നടക്കുന്നുവെന്ന് പറഞ്ഞ് പരാതി നല്‍കുമെന്നാണ് മേയര്‍ പറയുന്നത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് കത്ത് അയച്ചിട്ടുളളത്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത് .കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്.
സി പി എമ്മിലെ വിഭാഗീതയതാണ് കത്ത് പുറത്ത് വരാന്‍ കാരണമെന്നാണ് വ്യക്തമായിരിക്കുന്നത്. സി പി എം പാര്‍ലെമെന്ററി പാര്‍ട്ടി സെക്രട്ടറിയടക്കമുള്ളവര്‍ക്ക് മേയറുടെ കത്ത് പുറത്ത് വന്നതില്‍ പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്. അത് കൊണ്ടാണ് എതിര്‍ വിഭാഗം സി പി എം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി നല്‍കിയ കത്ത് പുറത്താക്കിയതെന്നും സൂചനയുണ്ട്.