ബജറ്റ് മല എലിയെ പ്രസവിച്ചത് പോലെ; കടം പെരുകുമ്പോള്‍ ധനമന്ത്രി വാ പൊളിച്ചു നില്‍ക്കുകയാണെന്ന് കെ സുധാകരന്‍

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് മല എലിയെ പ്രസവിച്ചത് പോലെയാണെന്ന് പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കാലഘട്ടത്തിന്റെ സ്പന്ദനം തിരിച്ചറിയാത്തതും ദിശാബോധം നഷ്ടമായതുമായ ബജറ്റാണിത്. യാഥാര്‍ഥ്യവുമായി ഒരു പൊരുത്തവുമില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് തുക നീക്കിവച്ചെങ്കിലും അത് ഏത് തരത്തിലാണ് വിനിയോഗിക്കുന്നതെന്ന് വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധന വിലയിലൂടെ ലഭിക്കുന്ന അധിക നികുതിക്ക് പുറമേ മറ്റു മേഖലകളിലെ നികുതി വര്‍ധിപ്പിച്ച് ജനങ്ങളെ കൂടുതല്‍ പിഴിയാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. കടം എടുത്ത് മുച്ചൂടും മുടിഞ്ഞ് നില്‍ക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്ത് കുറയ്ക്കാനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചില്ല. സര്‍ക്കാരിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി മറച്ച് വെക്കേണ്ടതിനാലാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നേരത്തെ നിയമസഭയില്‍ വെക്കാതിരുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

റവന്യൂ വരുമാനത്തേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തിന് വഹിക്കേണ്ടി വരുന്ന ചെലവ്. കടം എടുക്കാന്‍ തുടങ്ങിയതോടെ ട്രഷറി താഴിട്ട് പൂട്ടേണ്ട അവസ്ഥയിലേക്കെത്തിയിരിക്കുകയാണ്. ഖജനാവില്‍ പണം ഇല്ലാതെ ഖജനാവില്‍ പണം ഇല്ലാതെ എങ്ങനെ് ക്ഷേമ പദ്ധതികളും സാമൂഹ്യ സുരക്ഷാ പദ്ധതികളും തുടരാന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ട് എന്ത് പ്രയോജനമാണുള്ളത് എന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ പൊതുകടം പ്രതിവര്‍ഷം വര്‍ധിക്കുകയാണ്. പൊതുകടം നാലുലക്ഷം കോടി രൂപ കടന്നു. കിഫ്ബിയില്‍ 30,000 കോടി രൂപ മാത്രമുള്ളപ്പോള്‍ 80000 കോടി രൂപയുടെ നിര്‍മ്മാണ പദ്ധതികള്‍ നടപ്പാക്കിയെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. അങ്ങനെയെങ്കില്‍ 50,000 കോടി കടം എടുത്ത് കരാറുകാര്‍ക്ക് നല്‍കേണ്ട അവസ്ഥയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് 2000 കോടി രൂപ നീക്കിവെക്കുമ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തിക്ക് 13,700 കോടി രൂപയാണ് വേണ്ടത്. കടം എടുത്താല്‍ മാത്രമേ ഊ തുകയും കണ്ടെത്താന്‍ കഴിയൂ എന്നും സുധാകരന്‍ പറയുന്നു.

Read more

അന്തവും കുന്തവും ഇല്ലാതെ കടം പെരുകുമ്പോള്‍ വായും പൊളിച്ച് നില്‍ക്കുകയാണ് ധനമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള ഒരു മാര്‍ഗ നിര്‍ദ്ദേശവും ബജറ്റില്‍ ഇല്ല. ആരോഗ്യ മേഖലയെ പൂര്‍ണ്ണമായും തഴഞ്ഞു. .കാര്‍ഷിക മേഖലയില്‍ ഉത്പാദനം,മൂല്യവര്‍ധിത വിപണനം, യന്ത്രവത്ക്കരണം എന്നിവ സംബന്ധിച്ച് കര്‍ഷകര്‍ പ്രതീക്ഷിച്ച പ്രഖ്യാപനം ഉണ്ടായില്ല. തികച്ചും നിരാശാജനകമായ ബജറ്റാണിത് എന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.