അശാന്തന്റെ മൃതദേഹത്തോട് ക്രൂരത; യുഡിഎഫ് കൗണ്‍സിലര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

പ്രശസ്തചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച ക്രൂരതയില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു. യുഡിഎഫ് കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ ഉള്‍പ്പെടെ ഏഴു പേരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു

കലാകാരനും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടതുമായ അശാന്തന്‍ എന്ന ചിത്രകാരന്റെ മൃതദേഹത്തോട് ചില വര്‍ഗീയ വാദികള്‍ ക്രൂരത കാണിച്ചത് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. എറണാകുളം ദര്‍ബാര്‍ ഹാളിലെ ആര്‍ട് ഗ്യാലറിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്നത് തൊട്ടടുത്ത ക്ഷേത്രം അശുദ്ധമാക്കുമെന്ന പ്രചാരണം നടത്തി മൃതദേഹത്തെ അപമാനിക്കുകയായിരുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വമായ വര്‍ഗീയ പ്രചാരണവും സംഘടിപ്പിക്കുകയുണ്ടായി.

സംഭവം സംബന്ധിച്ച് കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകണമെന്ന് കാണിച്ച് മന്ത്രി എ.കെ. ബാലനും കത്ത് നല്‍കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായെടുക്കും; ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ക്കശ നടപടി കൈക്കൊള്ളും. ഇത്തരം കാടന്‍ മനസ്ഥിതിക്കാരെ സമൂഹം ഒറ്റപ്പെടുത്തേണ്ടതുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

അശാന്തന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് മരിച്ചത്. ഫോര്‍ട്ടുകൊച്ചി ഏക ആര്‍ട്ട് ഗാലറിയിലെയും ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിലെയും ചിത്രകല-വാസ്തുകലാ അദ്ധ്യാപകനായിരുന്നു. 1998, 99, 2007 വര്‍ഷങ്ങളിലെ കേരള ലളിതാ കലാ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ ഉള്‍പ്പടെ 200 ഓളം സ്ഥലങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. 90ലേറെ കലാക്യാമ്പുകളിലും പങ്കെടുത്തിരുന്നു.

അമേച്വര്‍ നാടക രംഗത്തും ഏറെക്കാലം പ്രവര്‍ത്തിച്ചു. നാടക സംവിധാനവും അഭിനയവും കലാസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ചിത്രകലയിലും ശില്പകലയിലും ഡിപ്‌ളോമ നേടിയ അശാന്തന്‍ കമേഴ്‌സ്യല്‍ ആര്‍ട്ട്‌സ് രംഗത്ത് നിന്ന് സമ്പൂര്‍ണമായും വിട്ടുനിന്നു. ചിത്രകലയുടെ മിക്കവാറും എല്ലാ മേഖലയിലും അസാമാന്യമായ പാടവം പ്രദര്‍ശിപ്പിച്ചയാളാണ്. ഏറെക്കാലും വൈദിക വിദ്യാഭ്യാസവും നടത്തി. ചങ്ങമ്പുഴയുടെ “രമണന്‍” പെന്‍സില്‍ സ്‌കെച്ചുകളിലൂടെ ചിത്രരൂപത്തിലാക്കി വരികയായിരുന്നു.