അർജുൻ ആയങ്കിയുടെ സുഹൃത്തിന്റെ മരണത്തിന് ഇടയാക്കിയ കാറോടിച്ച അശ്വിൻ മരിച്ചു

സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് മരിക്കാനിടയായ അപകടത്തിൽ ഉൾപ്പെട്ട കാർ ഓടിച്ച ഡ്രൈവർ മരിച്ചു. റമീസിന്റെ ബൈക്ക് വന്നിടിച്ച കാറിലെ ഡ്രൈവറായ തളാപ്പ് സ്വദേശി പി വി അശ്വിൻ (42) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ടോടെ രക്തം ഛർദ്ദിച്ച് അവശനിലയിലായ അശ്വിനെ വീട്ടുകാർ കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിക്കുകയും ഇന്ന് രാവിലെയോടെ ഇയാൾ മരിക്കുകയുമായിരുന്നു. അമിത മദ്യപാനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. അശ്വിൻ സ്ഥിരം മദ്യപാനിയായിരുന്നുവെന്നാണ് ഇയാളുടെ സുഹൃത്തുകൾ പറയുന്നത്.

കഴിഞ്ഞ മാസമാണ് കടത്ത് സ്വർണം കവർച്ച ചെയ്ത കേസിലെ മുഖ്യസാക്ഷിയായ റമീസ് കണ്ണൂർ അഴീക്കോട് നടന്ന വാഹനാപകടത്തിൽ മരിക്കുന്നത്. രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയുടെ സുഹൃത്തായിരുന്നു റമീസ്.

Read more

റമീസിനെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇതിന് ശേഷം സ്വർണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാനിരിക്കെയായിരുന്നു റമീസിന്റെ മരണം. റമീസിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ ഇതിന് പിന്നാലെയാണ് കാറോടിച്ചിരുന്ന അശ്വിന്റെ മരണം.