മാധ്യമ പ്രവര്‍ത്തകരുടെ ഇടയിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ വിനു വി. ജോണ്‍. ‘വിനു വി. ജോണിനെ’ ഒറ്റപ്പെടുത്തുക എന്നു പറഞ്ഞ് പോസ്റ്റര്‍ ഒട്ടിച്ചപ്പോള്‍ ഇവിടെ ചോദിക്കാന്‍ ആരും ഉണ്ടായില്ല. എന്നെ ബഹിഷ്‌കരിച്ചു. താന്‍ നയിക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് സിപിഎം പ്രസ്താവന ഇറക്കിയെന്ന് വിനു വി ജോണ്‍ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
ഗവര്‍ണറും പിണറായിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. പിണറായി ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞപ്പോള്‍ ഗവര്‍ണര്‍ അത് ഇംഗ്ലീഷില്‍ അത് ‘ഗെറ്റ് ഔട്ട്’ എന്നാക്കി. രണ്ടുപേരും പറഞ്ഞത് ഒന്നാണെന്ന് അദേഹം പറഞ്ഞ്. മീഡിയാ വണ്ണിനെയും കൈരളിയെയും ഗവര്‍ണര്‍ പുറത്താക്കിയപ്പോള്‍ എന്തുകൊണ്ട് പിന്തുണ പ്രഖ്യാപിച്ച് മറ്റുമാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചില്ലെന്ന തിരുവനന്തപുരം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാജുവിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു വിനു.
മാധ്യമ സ്വാതന്ത്രത്തോടുള്ള വെല്ലുവിളി എന്ന് പറയുന്നവര്‍ തന്നെ സിപിഎം പാര്‍ട്ടി തന്നെ ബഹിഷ്‌കരിച്ചത് അറിയാമോ?. അയാളുടെ പരിപാടിയില്‍ പങ്കെടുക്കില്ല എന്നു പറഞ്ഞത് അറിയാമോ? അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനം വിളിച്ചാണ് ബഹിഷ്‌കരണ ആഹ്വാനം നടത്തിയത്. അന്ന് ആരും തനിക്ക് പിന്തുണ നല്‍കിയില്ല. കെയുഡബ്ല്യുജെ മിണ്ടിയില്ലെന്നും വിനു പറഞ്ഞു.
സിഐടിയുവിന്റെ നേതൃത്വത്തില്‍ നടത്തിയ പണിമുടക്കില്‍ നടന്ന അക്രമത്തിനെതിരെ പ്രതിഷേധിച്ചതിനാണ് തന്നെ ബഹിഷ്‌കരിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ 14 ജില്ലകളിലെയും ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. കോഴിക്കോട് ഓഫീസിലെ വാഹനത്തിന്റെ കാറ്റ് അഴിച്ചുവിട്ടു. എനിക്കെതിരെ കള്ളക്കേസ് എടുത്തു. പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചു. അന്ന് ഒരു മാധ്യമ സ്ഥാപനവും മാധ്യമ മുതലാളിമാരും പ്രതിഷേധിച്ചില്ല. കെയുഡബ്ല്യുജെ സമരം നടത്തിയോ, ഒരു മലയാള മാധ്യമമെങ്കിലും വാര്‍ത്ത കൊടുത്തോയെന്നും വിനു വി ജോണ്‍ വെല്ലുവിളിച്ചു.
മാധ്യമ സ്വാതന്ത്ര്യം ഗവര്‍ണര്‍ ഉരുട്ടുമ്പോള്‍ മാത്രമേ ഉള്ളൂ. അത് പിണറായി വിജയന്‍ ഉരുട്ടുമ്പോഴും തനിക്കെതിരെ ഉരുട്ടുമ്പോഴും മാധ്യമ സ്വാതന്ത്രവെല്ലുൃവിളി തന്നെയാണ്.ഗെറ്റ് ഔട്ടിന്റെ മലയാളമാണ് കടക്ക് പുറത്ത്. ഇരുവരും ജനാധിപത്യവിരുദ്ധരും മാധ്യമ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നവരുമാണെന്ന് വിനു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനെ ബിജെപി ബഹിഷ്‌കരിച്ചപ്പോള്‍ മറ്റു ചാനലുകള്‍ ഒന്നും പ്രതികരിച്ചില്ല. കേന്ദ്രമന്ത്രി വി മുരളീധരന്‍ തങ്ങളുടെ പ്രതിനിധിയെ പത്രസമ്മേളനത്തില്‍ നിന്ന് ഇറക്കിവിട്ടപ്പോഴും പ്രതികരിക്കാന്‍ ആരും തയാറായില്ല. അതുകൊണ്ട് തന്നെ മാധ്യമ സ്വാതന്ത്ര്യം ആരും പഠിപ്പിക്കാന്‍ വരേണ്ടന്നും വിനു വി ജോണ്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.