മലപ്പുറം എരമംഗലത്തെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടയിലെ പൊലീസ് മര്‍ദ്ദനത്തില്‍ വകുപ്പുതല അച്ചടക്ക നടപടി. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ സ്റ്റേഷന്‍ മര്‍ദ്ദനത്തിനെതിരെയാണ് നടപടി. എരമംഗലത്തെ ഉല്‍സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും പൊലീസ് മര്‍ദ്ദിച്ചുവെന്ന ആക്ഷേപത്തില്‍ അന്വേഷണം നടത്തിയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ 2 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഒരാളെ സ്ഥലംമാറ്റി.
സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സാന്‍ സോമന്‍, സിവില്‍ പൊലീസ് ഓഫിസര്‍ യു ഉമേഷ് എന്നിവരെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സിവില്‍ പൊലീസ് ഓഫിസര്‍ ജെ ജോജയെ കോട്ടയ്ക്കലിലേക്ക് സ്ഥലം മാറ്റി ഉത്തരവിടുകയും ചെയ്തു. ഏപ്രില്‍ 2ന് നടന്ന പുഴക്കര ഉത്സവത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാര്‍ സിപിഎം പൊന്നാനി ഏരിയ കമ്മിറ്റി അംഗം സുരേഷ് കാക്കനാത്തിന്റെ മകന്‍ അഭിരാമിന്റെ പല്ല് അടിച്ചുപൊട്ടിക്കുകയും ഒപ്പം ഉണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തുവെന്ന പരാതിയാണ് ഉയര്‍ന്നത്.
ഉല്‍സവസ്ഥലത്തെ മര്‍ദ്ദനത്തിന് ശേഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും പെരുമ്പടപ്പ് പഞ്ചായത്തിന്റെ പൊതുശ്മശാനത്തില്‍ കൊണ്ടുപോയി വീണ്ടും മാരകമായി മര്‍ദിക്കുകയും ചെയ്തുവെന്നും ആരോപണം ഉയര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചു പോയ രക്ഷിതാക്കളെ മര്‍ദിച്ചതായും സിപിഎം പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചിരുന്നു. വലിയ പ്രതിഷേധം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായതോടെ സിപിഎം ജില്ലാ കമ്മിറ്റി പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. തിരൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍ അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും സ്ഥലം മാറ്റുകയും ചെയ്ത നടപടി.