നിയമസഭാ കൈയാങ്കളി കേസ്; ചെന്നിത്തലയെ കക്ഷി ചേർക്കരുതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല

നിയമസഭാ കൈയാങ്കളി കേസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കക്ഷി ചേർക്കരുത് എന്ന സർക്കാരിൻ്റെ വാദം കോടതി അംഗീകരിച്ചില്ല. ക്രിമിനൽ ചട്ടത്തിൽ നിയമപ്രകാരം ഒരു കേസിൽ കക്ഷി ചേർക്കുവാൻ കഴിയും എന്ന് കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ചെന്നിത്തല ഹർജി നൽകിയത്. രമേശ് ചെന്നിത്തലയുടെ ഹർജിയിൽ ഈ മാസം 31 ന് കോടതി വാദം കേൾക്കും.

ചെന്നിത്തലയുടെ ആവശ്യം പ്രോസിക്യൂഷൻ കോടതിയിലെ എതിർത്തിരുന്നു. കേസിൽ പ്രോസിക്യൂഷൻ പക്ഷപാതം കാട്ടുന്നുവെന്ന് വരുത്താനാണ് ഈ നീക്കമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇതിനിടെ കേസിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷക പരിഷത്തും കോടതിയിൽ അപേക്ഷ നൽകി. ഈ രണ്ടു ഹർജികളും 31 ന് കോടതി പരിഗണിക്കും. അതിനു ശേഷമാകും വിടുതൽ ഹർജികൾ പരിഗണിക്കുക.

മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ. പി. ജയരാജൻ, കെ. ടി. ജലീൽ, മുൻ എംഎൽഎമാരായ കെ.അജിത്, സി. കെ. സദാശിവൻ, കെ.കുഞ്ഞമ്മദ് എന്നിവരാണ് കേസിൽ വിടുതൽ ഹർജി നൽകിയത്. മന്ത്രിയടക്കമുള്ള നേതാക്കൾ വിചാരണ നേരിടണമെന്ന് നേരത്തേ സുപ്രീംകോടതി വിധിച്ചിരുന്നു. അതിനാൽ പ്രതികൾക്ക് അനുകൂല വിധി ഉണ്ടാകാൻ സാദ്ധ്യതയില്ല.

രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

നിയമസഭാ കയ്യാങ്കളി കേസിൽ ജനാധിപത്യം വിജയിക്കണം എന്ന ആഗ്രഹവും ആവശ്യവും ഉള്ളതുകൊണ്ട് ഈ കേസിൽ കക്ഷി ചേരാൻ ഞാൻ അപേക്ഷ നൽകിയിരിക്കുകയാണ്.
ഈ കേസിൽ എന്നെ കക്ഷി ചേർക്കരുത് എന്ന സർക്കാറിൻ്റെ വാദം കോടതി അംഗീകരിച്ചില്ല.
ക്രിമിനൽ ചട്ടത്തിൽ നിയമപ്രകാരം ഒരു കേസിൽ കക്ഷി ചേർക്കുവാൻ കഴിയും എന്ന് കോടതി നിരീക്ഷിച്ചു. എൻ്റെ ഹർജിയിൽ കോടതി ഈ മാസം 31 ന് വാദം കേൾക്കും.
സർക്കാരും പ്രോസിക്യൂഷനും എത്ര ശ്രമിച്ചാലും നീതി ലഭിക്കും വരെ എൻറെ പോരാട്ടം തുടരും.

Read more