'നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗില്‍ നിന്ന് വനിതാ സ്ഥാനാര്‍ത്ഥികള്‍ വേണം'; മുനവ്വറലി ശിഹാബ് തങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗില്‍ നിന്ന് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍.  സ്ത്രീകളുടെ നേതൃത്വം എല്ലാ പാര്‍ട്ടികളും നല്‍കുന്നുണ്ട്. ആ ഒരു പരിഗണന നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല. യൂത്ത് ലീഗില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറിയതായും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. യൂത്ത് ലീഗിന് അര്‍ഹമായ സീറ്റ് കിട്ടും. എത്ര സീറ്റുകളെന്നത് തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി ഗൗരവമായി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുസ്​ലിം ലീഗ്​ നേതൃത്വവുമായി ചർച്ച നടത്താൻ​ കോൺഗ്രസ്​ നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ്​ ചെന്നിത്തലയും പാണക്കാടെത്തി. ഉമ്മൻചാണ്ടി തിരഞ്ഞെടുപ്പ്​ ചുമതലയേറ്റെടുത്ത ശേഷം നടക്കുന്ന സന്ദർശനത്തിൽ മുന്നണിയുടെ തിരഞ്ഞെടുപ്പ്​ ഒരുക്കം സംബന്ധിച്ച പ്രധാന ചർച്ചകൾ നടക്കും. നിയമ സഭ തിരഞ്ഞെടുപ്പിലെ സീറ്റ്​ വിഭജനമടക്കം ചർച്ചയാകുമെന്നാണ്​ കരുതുന്നത്​.