പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്ന് ആരംഭിക്കും. പ്രധാനമായും 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്. 2024 ഫെബ്രുവരി 5-ാം തീയതി സഭയില്‍ അവതരിപ്പിച്ച ഈ വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മ പരിശോധന അതത് സബ്ജക്ട് കമ്മിറ്റികള്‍ നിര്‍വ്വഹിച്ചു കഴിഞ്ഞിട്ടുണ്ട്. ആകെ 28 ദിവസം ചേരാന്‍ നിശ്ചയിച്ചിട്ടുള്ള സമ്മേളനത്തില്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 8 വരെ 13 ദിവസം ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനാണ് നീക്കിവച്ചിട്ടുള്ളത്.
സമ്മേളന കാലയളവില്‍ അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കും 8 ദിവസം ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കുമായാണ് നിശ്ചയിച്ചിട്ടുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതും വര്‍ഷത്തെ ആദ്യ ബാച്ച് ഉപധനാഭ്യര്‍ഥകളെ സംബന്ധിക്കുന്നതുമായ ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും.
സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് രാവിലെ ചോദ്യോത്തരവേളയ്ക്കു ശേഷം അല്പസമയം സഭാ നടപടികള്‍ നിര്‍ത്തിവച്ചുകൊണ്ട്, മെമ്പേഴ്സ് ലോഞ്ചില്‍ വച്ച് 15-ാം കേരള നിയമസഭയിലെ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും. തുടര്‍ന്ന്, 2024-ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്‍, 2024-ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്‍ എന്നിവ അവതരിപ്പിക്കുന്നതും സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കായി അയയ്ക്കുന്നതുമാണ്. ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കായി നീക്കി വച്ചിട്ടുള്ള മറ്റ് ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് തീരുമാനിക്കും.
സമ്മേളനത്തിനിടയില്‍ ജൂണ്‍ 13, 14, 15 തീയതികളിലായി ലോക കേരള സഭയുടെ നാലാം സമ്മേളനം ലോക കേരള സഭയുടെ പ്രധാന വേദിയായ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വച്ച് നടക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ജൂലൈ 25 ന് സമ്മേളനം അവസാനിപ്പിക്കുന്ന രീതിയിലാണ് നിലവില്‍ കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്.