പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം നാളെ ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. പ്രധാനമായും 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന സഭാ സമ്മേളനം മാര്‍ച്ച് 27 വരെ ആകെ 32 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി 29, 30, 31 തീയതികളില്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും ഫെബ്രുവരി 5ന് 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണവും നടക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.
ഫെബ്രുവരി 6 മുതല്‍ 11 വരെയുള്ള തീയതികളില്‍ സഭ ചേരുന്നില്ല. തുടര്‍ന്ന് ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. ധനാഭ്യാര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതല്‍ 25 വരെയുള്ള കാലയളവില്‍ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേരും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലയളവില്‍ 13 ദിവസം, 2024-25 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യാര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നതിനായും നീക്കിവെച്ചിട്ടുണ്ടെന്നു സ്പീക്കര്‍ പറഞ്ഞു.
നിലവിലുള്ള കലണ്ടര്‍ പ്രകാരം ഗവണ്‍മെന്റ് കാര്യത്തിനായി 5 ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി 4 ദിവസവും നീക്കിവച്ചിട്ടുണ്ട്. 2023- 24 സാമ്പത്തിക വര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്നതും 2024- 25 സാമ്പത്തിക വര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ ധനവിനിയോഗബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസ്സാക്കേണ്ടതുണ്ട്. ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേര്‍ന്ന് പിന്നീട് തീരിമാനിക്കും.
ഓര്‍ഡിനന്‍സിനു പകരമായി 2024- ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി (ഭേദഗതി) ബില്‍, 2024- ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, 2024- ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍, എന്നിവ ഈ സമ്മേളനകാലത്ത് പരിഗണിക്കാനിടയുള്ള പ്രധാന ബില്ലുകളാണെന്ന് സ്പീക്കര്‍ പറഞ്ഞു. 2023- ലെ കേരള വെറ്റേറിനറിയും ജന്തുശാസ്ത്രവും സര്‍വ്വകലാശാല (ഭേദഗതി) ബില്‍, 2023- ലെ കേരള കന്നുകാലി പ്രജനന (ഭേദഗതി) ബില്‍, 2023- ലെ ക്രിമിനല്‍ നടപടി നിയമസംഹിത (കേരള രണ്ടാം ഭേദഗതി) ബില്‍, 2023- ലെ കേരള പൊതുരേഖ ബില്‍, 2024- ലെ മലബാര്‍ ഹിന്ദു മത ധര്‍മ്മസ്ഥാപനങ്ങളും എന്‍ഡോവ്‌മെന്റുകളും ബില്‍ എന്നിവയാണ് പരിഗണിക്കാനിടയുള്ള മറ്റു ബില്ലുകള്‍. നടപടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 27 ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്നും സ്പീക്കര്‍ പറഞ്ഞു.