തമിഴ്നാട് ഷോളയാറില്‍ നിന്നുള്ള ജലത്തിന്റെ ഒഴുക്ക് വര്‍ധിച്ചതിനാല്‍ കേരള ഷോളയാറിന്റെ രണ്ട് ഷട്ടറുകള്‍ തുറന്ന പശ്ചാത്തലത്തില്‍ ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ജില്ലാ ഭരണകൂടം തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പെരിങ്ങല്‍കുത്ത് ഡാമിന് പുറമേ കേരള ഷോളയാര്‍ കൂടി തുറന്നതോടെ ജലനിരപ്പ് പത്തുസെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. ഷോളയാര്‍ ഡാമില്‍ നിന്നും നാലുമണിക്കൂറോളം എടുത്ത് ചാലക്കുടി പുഴയില്‍ വെള്ളം എത്തും.
ഷോളിയാറില്‍ നിന്നും പെരിങ്ങല്‍കുത്ത് വഴി വാഴച്ചാല്‍ വഴിയാണ് ചാലക്കുടിപ്പുഴയിലെത്തുന്നത്. ഏകദേശം രാത്രി ഒമ്പത് മണിയോടുകൂടി പുഴയില്‍ വെള്ളം എത്തുമെന്നാണ് മുന്നറിയിപ്പ്. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തീരപ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നത് തുടങ്ങി.
ചാലക്കുടി പുഴയുടെ തീരത്തുളള പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാറി താമസിക്കാന്‍ തയ്യാറാകണം. തൃശ്ശൂര്‍, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണമെന്നും, 2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി അറിയിച്ചു.