അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം; കേന്ദ്രത്തിന്റെ ഇടപെടല്‍ രാഷ്ട്രീയമുതലെടുപ്പിനെന്ന ആരോപണം ശക്തം

ചെക്ക് കേസില്‍ ദുബായ് ജയിലില്‍ കഴിയുന്ന വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനുവേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ രാഷ്ട്രീയമുതലെടുപ്പിനെന്ന് ആരോപണം ശക്തം. മൂന്നു വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് അറ്റ്‌ലസ് രാമചന്ദ്രന്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ ജയില്‍മോചിതനാകും. അതുകൊണ്ടുതന്നെ കേന്ദ്രം ഇപ്പോള്‍ ഇടപെട്ടില്ലെങ്കിലും രാമചന്ദ്രന്റെ മോചനം സാധ്യമാണ്.

2015 ഓഗസ്റ്റ് മാസത്തിലാണ് രാമചന്ദ്രന്‍ ജയിലിലാവുന്നത്. ദുബായിയിലെ നിയമപ്രകാരം, മാനുഷിക പരിഗണനയിലൂടെ 75 വയസ്സ് പൂര്‍ത്തിയായാല്‍ ക്രിമിനല്‍ കേസിലൊഴികെ ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക്‌
പൊതുമാപ്പ് നല്‍കാറുണ്ട്. ഈ നിയമം രാമചന്ദ്രന്റെ കാര്യത്തിലും ഗുണം ചെയ്യും. രാമചന്ദ്രന്റെ കുടുംബം നിരവധി തവണ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മോചനവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ അപ്പോഴൊന്നും നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ശിക്ഷാകാലവധി കഴിയുന്ന സമയമായപ്പോഴാണ് ഇടപെട്ടത്.

എന്നാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയാലും കടം കൊടുത്തുതീര്‍ത്താല്‍ മാത്രമേ അദ്ദേഹത്തിന് യുഎഇ വിടാന്‍ സാധിക്കുകയുള്ളു. നിലവിലെ കണക്കുപ്രകാരം പലിശയടക്കം അഞ്ഞൂറ് കോടിരൂപയിലേറെ, രാമചന്ദ്രന്‍ ദുബായ് ബാങ്കുകള്‍ക്ക് കൊടുത്തുതീര്‍ക്കാനുണ്ട്. അതേസമയം, അടച്ചുതീര്‍ക്കാനുള്ള തുക മുഴുവന്‍ കിട്ടാതെ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടിലാണ് ദോഹ ബാങ്ക്, മഷ്‌റിക്, യൂണിയന്‍ നാഷണല്‍ ബാങ്ക് എന്നിവര്‍. പക്ഷെ, കേന്ദ്രസര്‍ക്കാര്‍ ഇടപെടലുണ്ടായാല്‍ പോലും സാമ്പത്തിക കുറ്റകൃത്യത്തില്‍പെട്ട ഒരാള്‍ക്ക് ജാമ്യം നില്‍ക്കാന്‍ യുഎഇ സര്‍ക്കാരിനു മുന്നില്‍ നിയമ തടസങ്ങള്‍ വേറെയും ഉണ്ട്.

എന്നാല്‍ ബന്ധുക്കളുടെ അപേക്ഷയെതുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ അപേക്ഷയില്‍ രണ്ടുമാസത്തിനുള്ളില്‍ ജയില്‍മോചനമുണ്ടാകുമെന്ന വാര്‍ത്ത ബാങ്ക് അധികൃതര്‍ തള്ളി.