എടിഎം നവീൻ ബാബുവിന്റെ ആത്മഹത്യ; തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കി

എടിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ഹർജി തീർപ്പാക്കിയത്. തെളിവുകൾ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബമാണ് കോടതിയെ സമീപിച്ചത്. തെളിവുകൾ ശേഖരിച്ച് വരികയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

കുടുംബം ആവശ്യപ്പെട്ടതെല്ലാം പ്രോസിക്യൂഷൻ പരിഗണിക്കുന്നുണ്ട് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹർജി തീർപ്പാക്കിയത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് പോലീസ് റിപ്പോർട്ട് നൽകിയെന്ന് കോടതി അറിയിച്ചു.

അതേസമയം നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നവീൻ ബാബുവിനെതിരെ അഴിമതി ആരോപിച്ച് ടിവി പ്രശാന്തൻ പരാതി നൽകിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. ഇരിക്കൂർ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ നൽകിയ അപേക്ഷക്കാണ് മറുപടി നൽകിയിരിക്കുന്നത്. വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലൂടെയാണ് ഓഫീസിന്റെ വിശദീകരണം. മുൻപ് നൽകിയ അപേക്ഷയിൽ കൃത്യമായ കാലയളവ് രേഖപ്പെടുത്തിയിട്ടില്ലാത്ത കാരണം പറഞ്ഞ് നിരസിച്ചിരുന്നു.

Read more