ഷാരോണ്‍ രാജ് കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന് നേരെ ആക്രമണം. ജനാലചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായതെന്ന് അയല്‍വാസികള്‍ പറഞ്ഞു.
അതേസമയം, ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതിയെ പാറശാലയിലെ വീട്ടിലേക്ക് തെളിവെടുപ്പിന് കൊണ്ടുവരും ശേഷം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.
കൊല്ലണമെന്ന ഉദേശത്തോടെയാണ് ഷാരോണ്‍ രാജിനെ പ്രതി ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ പറഞ്ഞു. കഷായത്തില്‍ കീടനാശിനി ചേര്‍ത്താണ് ഷാരോണിനെ ഗ്രീഷ്മ കൊന്നത്. ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രീഷ്മയെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വീട്ടിലുണ്ടായിരുന്ന കീടനാശിനി കഷായത്തില്‍ ചേര്‍ത്താണ് ഷാരോണിനെ കുടിപ്പിച്ചത്.
ഒരു വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നു. ഫെബ്രുവരിയില്‍ ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു. എന്നാല്‍ ഷാരോണ്‍ നിരന്തരം വിളിച്ച് വീണ്ടും ബന്ധം തുടരണമെന്ന് നിര്‍ബന്ധിച്ചു. ഇതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്ന് എഡിജിപി പറഞ്ഞു.
kapiq എന്ന കീടനാശിനിയാണ് കഷായത്തില്‍ കലര്‍ത്തിയത്. ഈ കീടനാശിനിയില്‍ കോപ്പര്‍സര്‍ഫെറ്റ് സാന്നിധ്യമില്ലെന്നും എഡിജിപി പറഞ്ഞു. ഷാരോണിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. അതുകൂടി കിട്ടിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ മനസിലാകൂ. നേരത്തെ ഗ്രീഷ്മ കൊലപാതകശ്രമം നടത്തിയതായി തെളിവുകള്‍ ലഭിച്ചിട്ടില്ല.