അട്ടപ്പാടി മധു കേസ്: കൂറുമാറിയ സാക്ഷിയുടെ കാഴ്ചശക്തി പരിശോധിക്കാന്‍ ഉത്തരവിട്ട് കോടതി

അട്ടപ്പാടി മധു കേസില്‍ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കാന്‍ ഉത്തരവിട്ട് കോടതി. ഇരുപത്തിയൊമ്പതാം സാക്ഷി സുനില്‍കുമാറിന്റെ കാഴ്ച ശക്തി പരിശോധിക്കാനാണ് കോടതി നിര്‍ദേശിച്ചത്. മധുവിനെ പ്രതികള്‍ കൊണ്ടുവരുന്ന സുനില്‍ ഉള്‍പ്പെടുന്ന വീഡിയോയിലെ ദ്യശ്യങ്ങള്‍ കാണിച്ചപ്പോള്‍ കാണുന്നില്ലെന്നായിരുന്നു കോടതിയില്‍ സുനില്‍കുമാര്‍ പറഞ്ഞത്.

മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ടുവരുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. കാഴ്ചക്കാരനായി നില്‍ക്കുന്ന സുനില്‍കുമാറും വീഡിയോയിലുണ്ട്. ഇതേ കുറിച്ച് ചോദിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ കാണുന്നില്ലെന്ന് സുനില്‍കുമാര്‍ പറഞ്ഞത്. തുടര്‍ന്നാണ് ഇയാളുടെ കാഴ്ചശക്തി പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.

സുനില്‍കുമാറിന് പിന്നാലെ മുപ്പത്തിയൊന്നാം സാക്ഷി ദീപുവും ഇന്ന് കൂറുമാറി. ഇതോടെ, മധു കൊലക്കേസില്‍ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിനാറായി. ഇരുത്തിയേഴാം സാക്ഷി സെയ്തലവി ഇന്നലെ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു.

Read more

അതേസമയം രണ്ട് സാക്ഷികള്‍ ഇന്നലെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. സാക്ഷികളായ വിജയകുമാര്‍, രാജേഷ് എന്നിവരാണ് മൊഴിയില്‍ ഉറച്ചു നിന്നത്.