കേരളത്തിൽ കൃത്രിമ ഓക്സിജൻ ക്ഷാമം സൃഷ്ടിക്കാൻ കുത്തക കമ്പനികളുടെ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ, പി ടി തോമസ്. സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമം രൂക്ഷമാണെന്നും സർക്കാർ ഇക്കാര്യം മറച്ചുവെയ്‌ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 70 ടൺ മെഡിക്കൽ ഓക്സിജൻ സംസ്ഥാനത്തിന് പുറത്തേക്കാണ് ഇപ്പോള്‍ പോകുന്നത്. കേരളത്തിന്റെ ആവശ്യം കഴിഞ്ഞേ ഇത് പോകാവൂ എന്ന് സർക്കാർ ഉറപ്പ് വരുത്തണം. സർക്കാർ ഇടപെട്ടില്ലെങ്കിൽ വലിയ ദുരന്തങ്ങൾ ഉണ്ടാകുമെന്നും പിടി തോമസ് പറഞ്ഞു.
എറണാകുളത്തെ ആശുപത്രികളിലൊന്നും ഓക്‌സിജൻ ആവശ്യമായ രോഗികൾക്ക് പ്രവേശനം നൽകുന്നില്ല. പത്തനംതിട്ട ജില്ലയിൽ തുച്ഛമായ ഓക്‌സിജൻ സിലിണ്ടറുകൾ മാത്രമാണ് ഉളളത്. മെഡിക്കൽ ഓക്‌സിജൻ വിതരണം ചെയ്യുന്ന തിരുവല്ലയിലുളള ഓസോൺ കമ്പനി അവരുടെ ടാങ്കറുകൾ അടക്കം കളക്‌ടർക്ക് സറണ്ടർ ചെയ്‌തിരിക്കുകയാണെന്നും പി ടി തോമസ് പറഞ്ഞു.
സതേൺ എയർ പ്രോഡക്റ്റ് എന്ന കമ്പനിക്കാണ് ഓക്സിജന്‍ വിതരണാവകാശത്തിന്റെ കുത്തക. മുൻ ആരോഗ്യ മന്ത്രിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഇതെന്നും പി ടി തോമസ് ആരോപിക്കുന്നു. ഓക്സിജൻ രോഗികളുടെ കാര്യത്തിൽ കേരളത്തിന്റെ സ്ഥിതി ഗുരുതരമാണ്. മെഡിക്കൽ ഓക്സിജൻ പല കമ്പനികൾക്കും ആവശ്യത്തിന് ഉത്പാദിപ്പിക്കാൻ കഴിയുന്നില്ലെന്നും പി ടി തോമസ് കൊച്ചിയില്‍ പറഞ്ഞു.
കേരളത്തിൽ ലിക്വിഡ് ഓക്‌സിജൻ ആശുപത്രികൾക്ക് സപ്ലൈ ചെയ്യുന്ന 23 പ്ലാന്റുകളുണ്ട്. ഈ കമ്പനികൾ ലിക്വിഡ് ഓക്‌സിജൻ കൊടുത്താൽ മാത്രമേ സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമം തീരുകയുളളൂ. ഇനോക്സ് എന്ന കമ്പനിക്ക് സംസ്ഥാന സർക്കാർ പല സൗകര്യങ്ങളും ചെയ്തു കൊടുത്തതാണ്. ഇവരുടെ ഉത്പന്നമായ മെഡിക്കൽ ഓക്സിജന്റെ മുഴുവൻ വിതരണം സതേൺ എയർ പ്രൊഡക്ടിന് എങ്ങനെ കൈവന്നു എന്ന് അന്വേഷിക്കണം. മുൻ ആരോഗ്യ മന്ത്രി പി.കെ ശ്രീമതിയുടെ കുടുംബത്തിന് കമ്പനിയുമായി പങ്കാളിത്തമുണ്ടെന്നും പി ടി തോമസ് ആരോപിച്ചു.