കണ്ണൂര്‍ കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് ഓഫീസറെ അപായപ്പെടുത്താന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായി. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിലായിരുന്നു സംഭവം നടന്നത്. പ്രതികളില്‍ നിന്ന് 50 ലക്ഷത്തോളം വിലവരുന്ന 685 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ലഹരിസംഘങ്ങള്‍ക്കിടയില്‍ ലിയോ എന്ന് വിളിപ്പേരുള്ള അന്തര്‍സംസ്ഥാന ലഹരിക്കടത്ത് തലവന്‍ യാസര്‍ അറഫാത്ത്, പുളിക്കല്‍ അരൂരില്‍ എട്ടൊന്ന് വീട്ടില്‍ ഷഫീഖ്, ഭാര്യ സൗദ, ചേലേമ്പ്ര വികെ അഫ്‌നാനുദ്ദീന്‍, പുളിക്കല്‍ സിയാക്കണ്ടത്ത് പുള്ളിയന്‍ വീട്ടില്‍ മുഹമ്മദ് ഷാഹിദ് എന്നിവരാണ് ലഹരിമരുന്നുമായി പിടിയിലായത്.
പുലര്‍ച്ചെ ചെക്ക്‌പോസ്റ്റിലെത്തിയ പ്രതികളുടെ വാഹനം എക്‌സൈസ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. എന്നാല്‍ പ്രതികള്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെകെ ഷാജി, പ്രിവന്റീവ് ഓഫീസര്‍ ഷാജി അളോക്കന്‍ എന്നിവരെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എക്‌സൈസും പൊലീസും സംഘത്തെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
Read more
ഇതേ തുടര്‍ന്ന് എക്‌സൈസ് കമ്മീഷ്ണറുടെ സംഘവും കണ്ണൂര്‍ ഡാന്‍സാഫ് ടീമും ഇരിട്ടി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ലിയോ എന്ന് വിളിപ്പേരുള്ള യാസര്‍ അറഫാത്ത് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.