വീടിനുള്ളിലേക്ക് വിഷപ്പാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യത്തിലിറങ്ങിയ പ്രതി വധശ്രമത്തിന് വീണ്ടും അറസ്റ്റില്‍

വീടിനുള്ളിലേക്ക് വിഷപ്പാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും ആക്രമണം നടത്തി. നിരവധി കേസുകളില്‍ പ്രതിയായ കാട്ടാക്കട കുളവിയോട് സ്വദേശി കിച്ചു എന്ന ഗുണ്ട് റാവു(30)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 8.30ന് ആയിരുന്നു സംഭവം നടന്നത്.

മകളെ ശല്യം ചെയ്തതിനെ തുടര്‍ന്ന് ഗുണ്ട് റാവുവിനെ വിലക്കിയതിന്റെ പകയിലാണ് വീടിനുള്ളിലേക്ക് വിഷപ്പാമ്പിനെ എറിഞ്ഞത്. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വാളുമായി പെണ്‍കുട്ടിയുടെ വീടിനു ചുറ്റും മൂന്ന് ദിവസമായി കറങ്ങി നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ വീടിനുള്ളിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നു. അതിക്രമം തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പ്രതിയ്ക്ക് കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇതേ തുടര്‍ന്ന് റോഡില്‍ അവശനിലയില്‍ കിടന്ന ഗുണ്ട് റാവുവിനെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചു.

Read more

മാരകായുധം കൈവശം വച്ചതിനും വധശ്രമത്തിനും പ്രതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ആണ് ഗുണ്ട് റാവു പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിഷപ്പാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഗൃഹനാഥന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രതി കേസില്‍ ജാമ്യത്തിലിറങ്ങിയത്. ഇയാള്‍ക്ക് ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.