ശബ്ദരേഖ പുറത്തുവിട്ട സംഭവം; ഗൂഢാലോചനയുടെ ഭാഗമാക്കാന്‍ ശ്രമമെന്ന് ഷാജ് കിരണ്‍, പരാതി നല്‍കി

ഇന്നലെ സ്വപ്‌ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഷാജ് കിരണ്‍. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കി. സംസ്ഥാന സര്‍ക്കാരിന് എതിരെ സ്വപ്‌ന സുരേഷ് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നു എന്നാണ് പരാതി. ശ്ബദരേഖ പുറത്ത് വിട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പരാതിയില്‍ പറയുന്നു.

ഏത് അന്വേഷണവുമായി സഹകരിക്കുമെന്നും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടു. ഡിജിപിക്ക് നല്‍കിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. സ്വപ്നക്ക് എതിരെ കെ ടി ജലീല്‍ നല്‍കിയ ഗൂഢാലോചന പരാതിയോടൊപ്പം ഷാജ് കിരണിന്റെ പരാതിയും അന്വേഷിക്കും.

അതേസമയം സര്‍ക്കാരിന്റെ ഇടനിലക്കാര്‍ ആണെന്ന് സ്വപ്ന സുരേഷ് ആരോപിച്ച ഷാജി കിരണും സുഹൃത്ത് ഇബ്രാഹിമും ഇന്നലെ രാത്രി തമിഴ്നാട്ടില്‍ എത്തി. സ്വപ്ന സുരേഷുമായി ചര്‍ച്ച നടത്തിയതിന്റെ വീഡിയോ ഫോണില്‍ നിന്ന് നഷ്ടപ്പെട്ടുവെന്നും അത് തിരിച്ചെടുക്കാനാണ് തമിഴ്നാട്ടിലേക്ക് വന്നിരിക്കുന്നതെന്നും ഇബ്രാഹിം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.നാളെ കൊച്ചിയിലേക്ക് തിരികെ എത്തും. വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും ഇബ്രാഹിം പറഞ്ഞു. അറസ്റ്റില്‍ ഭയമില്ലെന്നും അയാള്‍ വ്യക്തമാക്കി.

അതേസമയം ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് പുറത്ത് വിട്ടിരുന്നു. ബിലീവേഴ്സ് ചര്‍ച്ച് വഴി മുഖ്യമന്ത്രിയും കോടിയേരിയും അമേരിക്കയിലേക്ക് പണം കടത്തിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. രഹസ്യമൊഴി പിന്‍വലിക്കാന്‍ എഡിജിപി അജിത് കുമാറിന്റെ ഇടപെടലുകള്‍ നടത്തിയെന്നും സ്വപ്ന പരാമര്‍ശിച്ചിരുന്നു.

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് മേധാവി എംആര്‍ അജിത് കുമാറിനെ മാറ്റി. ഐ ജി എച്ച് വെങ്കിടേഷിനാണ് പകരം ചുമതല. അജിത്കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തര വകുപ്പിനു നിര്‍ദ്ദേശം നല്‍കിയത്.