ഓട്ടിസ്റ്റിക് വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ കുട്ടിയെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിലാണ് സംഭവം നടന്നത്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

രണ്ടാഴ്ചയ്ക്കുള്ളില്‍ സംഭവത്തെ കുറിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡിഇഒയ്ക്ക് കമ്മീഷന്‍ ആക്ടിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടു. സ്‌കൂളില്‍ നടന്ന പൊതുപരിപാടിയ്ക്കിടയില്‍ കുട്ടി ശബ്ദമുയര്‍ത്തിയെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥിയെ പുറത്താക്കിയത്.

കുട്ടിയുടെ ടിസി വാങ്ങാന്‍ മാതാവിന് നിര്‍ദ്ദേശം നല്‍കിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തുടര്‍ന്നാല്‍ മറ്റ് കുട്ടികള്‍ സ്‌കൂളില്‍ വരില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. മൂന്ന് മാസത്തെ സാവകാശം ചോദിച്ച വിദ്യാര്‍ത്ഥിയുടെ മാതാവിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒരാഴ്ച സമയം അനിവദിക്കുകയായിരുന്നു.

എന്നാല്‍ സ്‌കൂളിലേക്കുള്ള ദൂരപരിധി കാരണമാണ് ടിസി വാങ്ങുന്നതെന്ന് അപേക്ഷയില്‍ രേഖപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയുടെ മാതാവിനോട് നിര്‍ദ്ദേശിച്ചിരുന്നു. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാര്‍ത്തയാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തതിന് ആധാരം.