രണ്ട് പേരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീയിട്ട ശേഷം ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു. ബുധനാഴ്ച വൈകീട്ട് 6.45-ഓടെ വടുതലയിലാണ് നാടിനെ ഞെട്ടിച്ച സംഭവങ്ങൾ അരങ്ങേറിയത്. പച്ചാളം പാത്തുവീട്ടിൽ താമസിക്കുന്ന ഫിലിപ്പ് (64) ആണ് ആത്മഹത്യ ചെയ്തത്. ഫിലിപ്പ് മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് ഷൺമുഖപുരത്തെത്തിയ ഫിലിപ്പ് തന്റെ അയൽവാസി കൂടിയായ പങ്കജാക്ഷന്റെ തട്ടുകടയ്ക്ക് സമീപമെത്തി നാടൻ പെട്രോൾ ബോബ് എറിയുകയായിരുന്നു. തട്ടുകടയിലെ ഗ്യാസ് സ്റ്റൗവിനു കൂടി തീ പടർന്നതോടെ തീ ആളിക്കത്തി. ഇതോടെ തട്ടുകടയിൽ സാധനം വാങ്ങാനെത്തിയ ലൂർദ് ആശുപത്രിയിലെ ജീവനക്കാരനായ റെജിൻദാസിന്റെ ദേഹത്തും തീ പടർന്നു. ഇവിടെ നിന്ന് ഷൺമുഖപുരത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലെത്തിയ ഫിലിപ്പ് സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും, ഇയാൾ ഓടി രക്ഷപ്പെട്ടു. കലി അടങ്ങാത്ത ഫിലിപ്പ് പച്ചാളത്തെ തന്റെ അയൽവാസിയുടെ വീട്ടിലെത്തി തീയിടാൻ ശ്രമം നടത്തിയെങ്കിലും ഇതും വിജയിച്ചില്ല.
തുടർന്ന് ഇവിടെ നിന്ന് വടുതല കർഷക റോഡിലെത്തി ഓട്ടോറിക്ഷയിലും ദേഹത്തും പെട്രോൾ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. എറണാകുളം ക്ലബ്ബ് റോഡ് ഫയർ സ്റ്റേഷനിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തിയാണ് തീയണച്ചത്. ഫിലിപ്പ് മരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഫിലിപ്പ് മൂന്നു മാസമായി ലൂർദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശത്രുതയുള്ള എല്ലാവരെയും കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യ ചെയ്യാനുള്ള പദ്ധതി നടപ്പിലാക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് എറണാകുളം നോർത്ത് എസ്.ഐ. വി.ബി. അനസ് പറഞ്ഞു. ഓട്ടോറിക്ഷാ സ്റ്റാൻഡിൽ പാർക്കിംഗ് സംബന്ധിച്ച് തർക്കങ്ങൾ നില നിന്നിരുന്നെന്നും ഇതാകാം സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Read more
എഴുപുന്ന കോതേക്കാട്ട് വീട്ടിൽ റെജിൻദാസിന്റെ (34) ശരീരത്തിൽ 75 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ലൂർദ് ആശുപത്രി അധികൃതർ പറഞ്ഞു. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്. പൊള്ളലേറ്റ പാറക്കൽ വീട്ടിൽ പങ്കജാക്ഷനെ (65) വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.