മീറ്ററിടാതെ ഓടിയാൽ പിടിവീഴും; ഓട്ടോറിക്ഷകൾ ഇന്നുമുതൽ നിരീക്ഷണത്തിൽ, പ്രത്യേകപരിശോധന

മീറ്റർ ഇടാതെ അമിത ചാർജ് ഈടാക്കി നിരത്തിലോടുന്ന ഓട്ടോറിക്ഷക്കാർക്ക് ഇന്ന് മുതൽ പിടിവീഴും. ഓട്ടോറിക്ഷകളിൽ മീറ്റർ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മോട്ടോർവാഹന വകുപ്പ് ശനിയാഴ്ച മുതൽ പ്രത്യേക പരിശോധന നടത്തും. മാർച്ച് ഒന്നുമുതൽ ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിപ്പിക്കുന്നത് നിർബന്ധമാക്കുമെന്ന് മോട്ടോർവാഹന വകുപ്പ് നേരത്തേ അറിയിച്ചിരുന്നു.

മീറ്റർ പ്രവർത്തിപ്പിക്കാതെ അമിതചാർജ് ഈടാക്കുന്നതും ഇതേത്തുടർന്നുള്ള വാക്തർക്കങ്ങളും ഒഴിവാക്കാനാണ് പുതിയ തീരുമാനം. ശനിയാഴ്ചമുതൽ മീറ്റർ പ്രവർത്തിപ്പിക്കാത്ത ഓട്ടോറിക്ഷകൾ ശ്രദ്ധയിൽപ്പെട്ടാൽ ഇവർക്കെതിരേ പിഴയീടാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും പാലക്കാട് ആർടിഒ സിയു മുജീബ് പറഞ്ഞു. ഓട്ടോറിക്ഷക്കാർ അമിതചാർജ് ഈടാക്കുന്നത് സംബന്ധിച്ച് കൂടുതൽ ആക്ഷേപമുള്ള ജില്ലകൂടിയാണ് പാലക്കാട്.

പരാതികൾ പരിഹരിക്കാൻ രണ്ടുമാസത്തിലൊരിക്കൽ യോഗം ചേരും. മീറ്ററിടാത്ത ഓട്ടോറിക്ഷകൾക്കെതിരേ യാത്രക്കാരുടെ പരാതിയിലും നടപടിയെടുക്കും. ‘മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ടതില്ല’ എന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പതിപ്പിക്കണമെന്ന ഉത്തരവ് ശനിയാഴ്ചയോ അല്ലെങ്കിൽ ഞായറാഴ്ചയോ പുറത്തിറങ്ങും. ഓട്ടോറിക്ഷാ തൊഴിലാളികൾ തന്നെയാണ് സ്റ്റിക്കർ പതിക്കേണ്ടത്. എന്നാൽ ഇത് പ്രായോഗികമായി എത്രത്തോളം മുന്നോട്ടുപോകുമെന്ന സംശയം ഇതിനകം ഉയർന്നിട്ടുണ്ട്.