മാലിന്യ പ്ലാന്റിന് എതിരെ ആവിക്കലില്‍ ഹര്‍ത്താല്‍; പൊലീസിന് നേരെ കല്ലേറ്, സംഘര്‍ഷം

കോഴിക്കോട് ആവിക്കലില്‍ മലിനജല പ്ലാന്റിന് എതിരെ നടത്തുന്ന ഹര്‍ത്താലിനിടെയില്‍ സംഘര്‍ഷം. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ലാത്തി ചാര്‍ജില്‍ കലാശിക്കുകയും ചെയ്തു.

സമരക്കാര്‍ ബാരിക്കേഡ് തകര്‍ക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രദേശത്ത് നിലവില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ജനവാസമേഖലയില്‍ മലിനജല പ്ലാന്റ് നിര്‍മ്മിക്കുന്നതിരെയാണ് ഹര്‍ത്താല്‍. മൂന്നാലിങ്കല്‍, വെള്ളയില്‍, തോപ്പയില്‍ വാര്‍ഡുകളിലാണ് സമരസമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ലെന്നും അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്നും സമരസമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. മലിന ജലപ്ലാന്റ് സ്ഥാപിക്കുന്നതിന് എതിരെ കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് നടന്നത്.

ദിവസങ്ങളായി തുടരുമ്പോഴും മലിനജല സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. കനത്ത പൊലീസ് സുരക്ഷയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്ലാന്റ് നിര്‍മ്മാണം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.