നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുകയും അകത്തും പുറത്തും ക്യാമറ ഘടിപ്പിക്കുകയും ചെയ്യണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ അനശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസ് ഉടമ സംയുക്ത സമിതി. നവംബര്‍ 21 മുതല്‍ ആണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണം, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും അടിച്ചേല്‍പ്പിച്ചത് ഒഴിവാക്കണം, ദൂരപരിധി നോക്കാതെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണം, ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ ഓര്‍ഡിനറി ആക്കിയ മാറ്റിയ നടപടി തിരുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമ സംയുക്ത സമിതി സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
അതേ സമയം സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഒക്ടോബര്‍ 31ന് സൂചനാ സമരം നടത്തും. ഇക്കാര്യം അറിയിച്ച് സ്വകാര്യ ബസ്സുടമകള്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ബസ് വ്യവസായം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് നേരത്തെ ഇത് സംബന്ധിച്ച് ബസുടമകളുടെ സംഘടനകള്‍ ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും സ്ഥാപിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ ഒന്ന് വരെ ആണെന്നും സമയപരിധി നീട്ടി നല്‍കാനാവില്ലെന്നും ഗാതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.