അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നും മുസ്ലീങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി യുപി സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ കണ്ടെത്തി നല്‍കണമെന്നുമുള്ള സുപ്രീം കോടതി വിധിയില്‍ തൃപ്തിയില്ലെങ്കിലും റിവ്യൂ ഹര്‍ജിക്കില്ലെന്ന് സുന്നി വഖഫ്ബോര്‍ഡ്. വിധിയില്‍ തൃപ്തരല്ലെന്ന് മുസ്‌ലിം വിഭാഗത്തിനു വേണ്ടി ഹാജരായ വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ സഫര്‍യാബ് ജീലാനി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ റിവ്യൂ ഹര്‍ജിക്കില്ലെന്ന് വ്യക്തമാക്കി സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സൂഫര്‍ ഫറൂഖി വാര്‍ത്താകുറിപ്പ് പുറത്തു വിട്ടു.
അയോധ്യാ കേസില്‍ രാം ലല്ലയ്ക്കും നിര്‍മോഹി അഖാഡയ്ക്കുമൊപ്പം സുന്നി വഖഫ് ബോര്‍ഡും കക്ഷിയായിരുന്നു. വിധിന്യായത്തില്‍ വൈരുദ്ധ്യങ്ങള്‍ ഏറെയുണ്ടെന്നും ഇതിനെതിരേ റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം ആരായുമെന്നും ആയിരുന്നു ഇന്നലെ സഫര്‍യാബ് ജീലാനി വ്യക്തമാക്കിയിരുന്നത്. കമ്മിറ്റി സമ്മതിച്ചാല്‍ റിവ്യു ഹര്‍ജി നല്‍കും. അത് ഞങ്ങളുടെ അവകാശവും സുപ്രീംകോടതി അംഗീകരിച്ചതുമാണ്. സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കും. കോടതിവിധിയുടെ പേരില്‍ രാജ്യത്തെവിടെയും പ്രതിഷേധ പരിപാടികള്‍ നടത്തരുതെന്നും ജനങ്ങള്‍ സമാധാനം നിലനിര്‍ത്തണമെന്നും സഫര്‍യാബ് ജീലാനി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിധിയ്‌ക്കെതിരായി ഒരു റിവ്യൂ ഹരജി ആലോചിക്കുന്നില്ലെന്ന് ഫറൂഖി പറഞ്ഞു.
അതേസമയം വിധിയില്‍ റിവ്യൂ ഹരജിയ്ക്കുള്ള സാധ്യത പരിശോധിക്കുമെന്നാണ് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് പറഞ്ഞിരുന്നു. അസംതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. നീതിയും സമത്വവും പാലിക്കുന്ന വിധിയല്ല കോടതി പുറപ്പെടുവിച്ചതെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം സഫരിയാബ് ജിലാനി പറഞ്ഞിരുന്നു. സുപ്രീം കോടതി അഞ്ച് ഏക്കര്‍ സ്ഥലം നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണെന്നും ഞങ്ങള്‍ക്ക് ഇതിന് പകരം നൂറ് ഏക്കര്‍ സ്ഥലം ലഭിച്ചിട്ടും കാര്യമില്ലെന്നുമായിരുന്നു മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം കമല്‍ ഫറൂഖി പറഞ്ഞിരുന്നത്. തങ്ങളുടെ 67 ഏക്കര്‍ സ്ഥലം കൈയേറിയിട്ടാണ് പകരം അഞ്ച് ഏക്കര്‍ ഇപ്പോള്‍ തരുന്നതെന്നും ഇത് എവിടുത്തെ നീതിയാണെന്നും കമാല്‍ ഫാറൂഖി ചോദിച്ചു.