"പരീക്ഷ എഴുതാത്ത കുട്ടിക്ക് ബി ഗ്രേഡ്": വാർത്ത സത്യമാണ്, പക്ഷെ ഒരു പ്രശ്നമുണ്ട്

“പരീക്ഷ എഴുതിയ വിദ്യാർത്ഥിക്ക് മാർക്കില്ല എഴുതാത്ത കുട്ടിക്ക് ബി ഗ്രേഡ്” എന്ന തലക്കെട്ടിൽ കഴിഞ്ഞദിവസം ഒരു മാധ്യമത്തിൽ വർത്ത വന്നിരുന്നു. എന്നാൽ ഈ വാർത്ത യഥാർത്ഥത്തിൽ 2015ൽ നടന്ന സംഭവത്തിന്റെതാണെന്നാണ് തെളിയുന്നത്.

ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചിരുന്നു. 99.47 ശതമാനമാണ് വിജയ ശരാശരി. ഇതാദ്യമായാണ് എസ്എസ്എൽസി വിജയ ശതമാനം 99 കടക്കുന്നത്. വിജയശതമാനം വർദ്ധിച്ചതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷ എഴുതാത്ത കുട്ടിക്ക് ബി ഗ്രേഡ് ലഭിച്ചെന്നും പരീക്ഷ എഴുതിയ വിദ്യാർത്ഥിക്ക് മാർക്കില്ല എന്നുമുള്ള വാർത്ത വന്നത്. എന്നാൽ 2015ലെ പത്രവാർത്ത അതേപടി പകർത്തിയാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലവുമായി ബന്ധപ്പെട്ട വാർത്തയായി വന്നത്.

കൈ ഒടിഞ്ഞതിനെ തുടർന്ന് പരീക്ഷ എഴുതാത്ത കുട്ടിക്ക് എസ്.എസ് എൽ.സി പരീക്ഷ ഫലം വന്നപ്പോൾ ഫിസിക്സിന് ബി ഗ്രേഡ് അതേസമയം പരീക്ഷ എഴുതിയ വിദ്യാർത്ഥിക്ക് ഫിസിക്സിന്റെ കോളത്തിൽ മാർക്കില്ല എന്ന 2015 ലെ പത്രവാർത്തയാണ് അതേപടി പകർത്തി പുതിയ വാർത്തയായി നൽകിയിരിക്കുന്നത്. പൂഞ്ഞാർ എസ്.എം.വി സ്കൂളിൽ 2015ൽ നടന്ന കാര്യമാണ് ഇതേ സ്കൂളിൽ നടന്ന സംഭവമായിട്ട് കഴിഞ്ഞ ദിവസം വന്ന വർത്തയിലും അവതരിപ്പിച്ചിരിക്കുന്നത്.