ബാബറിദിനം;ശബരിമലയില്‍ സുരക്ഷ ശക്തമാക്കും

ബാബറിദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷകര്‍ശനമാക്കി. ഇതിന്റെ ഭാഗമായി നാളെ ശബരിമലയില്‍ കര്‍ശന സുരക്ഷയൊരുക്കാന്‍ പൊലീസ് തീരുമാനം. കൂടുതല്‍ കേന്ദ്രസേനയും, ഹെലികോപ്ടറില്‍ വാനനിരീക്ഷണവും ഈ ദിവസം ശബരിമലയില്‍ ഉണ്ടാകും. ഭക്തര്‍ക്ക് ദര്‍ശനത്തിനും ചില നിയന്ത്രണങ്ങളും അന്നേ ദിവസം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൊലീസിന് പുറമേ കൂടുതല്‍ കേന്ദ്ര സേനാംഗങ്ങളും ഡിസംബര്‍ ആറിന് ശബരിമല കാക്കാനിറങ്ങും. സന്നിധാനത്തെ നിരീക്ഷണവും സുരക്ഷയും പൂര്‍ണ്ണമായി കേന്ദ്രസേന ഏറ്റെടുക്കും. പതിനെട്ടാം പടിയിലൊഴികെ ഒറ്റവരിയായി മാത്രമേ ഭക്തര്‍ക്ക് സന്നിധാനത്തെത്താനാകൂ. ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഭക്തരുടെ ബാഗുകള്‍ പരിശോധിക്കും. സോപാനത്തിന് മുന്‍വശത്ത് ഇരുമുടികെട്ട് തുറക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. കാണിക്കവഞ്ചിയില്‍ അടക്കം കെട്ടോടെ പണം എറിയാന്‍ അനുവാദമില്ല.

ശബരിമലയിലും വനാന്തരങ്ങളിലും നിരീക്ഷണത്തിനായി വ്യോമസേനയുടെ ഹെലികോപ്ടറുണ്ടാകും. ജീവനക്കാരും സമീപത്തെ കച്ചവടക്കാരും പൂര്‍ണ്ണ നിരീക്ഷണത്തിലായിരിക്കുമെന്ന് സെക്യൂരിറ്റി ഓഫീസര്‍ അറിയിച്ചു. ഗസ്റ്റ് ഹൗസുകളിലും വ്യാപാര സ്ഥാപനങ്ങളിലും നേരത്തെ തന്നെ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്.