നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ദിലീപിന്റെയും സുഹൃത്ത് ശരത്തിന്റെയും ഹര്‍ജി കോടതി തള്ളി. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. തുടരന്വേഷണത്തിന് ശേഷം ചുമത്തപ്പെട്ട പുതിയ കുറ്റങ്ങള്‍ നിലനില്‍ക്കും. പ്രതികള്‍ ഈ മാസം 31 ന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ആദ്യ കുറ്റപത്രത്തില്‍ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടരന്വേഷണത്തിന് പിന്നാലെ ദിലീപിനെതിരെ തെളിവുകള്‍ നശിപ്പിച്ചെന്ന കുറ്റം കൂടി ചുമത്തിയിരുന്നു.
ഹൈക്കോടതി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച ഫോണിലെ വിവരങ്ങള്‍ നീക്കിയതിനാണ് പുതിയ കുറ്റം ചുമത്തിയത്. മുംബൈയിലെ ലാബില്‍ വെച്ചും സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും ദിലീപ് ഫോണുകളിലെ തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം.
നടിയെ ആക്രമിച്ച് പകത്തിയ ദൃശ്യങ്ങള്‍ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെതിരെ തുടരന്വേഷണത്തില്‍ ചുമത്തിയിട്ടുള്ളത്. തുടരന്വേഷണത്തിന് ശേഷം ശരത്തിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്.