കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. സെനറ്റിലേക്കുള്ള നാല് അംഗങ്ങളുടെ ഗവർണറുടെ നാമനിർദേശം ഹൈക്കോടതി റദ്ദാക്കി. ആറാഴചയ്ക്കകം പുതിയ നാമനിർദേശം നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഹർജിക്കാരുടെ ഭാഗം കൂടി കേട്ട് പുതിയ നോമിനേഷൻസ് വഴി അപ്പോയിന്‍റ്മെന്‍റ് നടത്താനാണ് കോടതി നിർദ്ദേശം നല്‍കിയത്. സ്വന്തം നിലയിൽ നോമിനേറ്റ് ചെയ്യാൻ അവകാശം ഉണ്ടെന്നായിരുന്നു ഗവർണറുടെ വാദം. സർക്കാർ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു.
കേരള സർവകലാശാല നിയമപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്ന നാല് പേരെ ചാൻസ്ലറായ ഗവർണർക്ക് സെനറ്റിലേക്ക് ശുപാർശ ചെയ്യാം. സർവകലാശാലയിൽ നിന്ന് നൽകുന്ന പട്ടികയിലെ യോഗ്യരായ വിദ്യാർത്ഥികളെ ചാൻസലർ നാമനിർദേശം ചെയ്യുന്നതാണ് കീഴ്വഴക്കം. സർവകലാശാല എട്ട് പേരെ നാമനിർദേശം ചെയ്തിരുന്നു. ഈ ലിസ്റ്റിലെ എട്ട് പേരിൽ ഒരാളെയും പരിഗണിക്കാതെയാണ് ചാൻസലർ നാല് പേരെ നാമനിർദേശം ചെയ്തത്. റാങ്ക് ജേതാക്കളെ തള്ളി സർവകലാശാല പരീക്ഷാ ഫലം കാത്ത് നിൽക്കുന്ന വിദ്യാർത്ഥിയെയാണ് പഠന മികവിന്റെ പേരിൽ ഗവർണർ നാമ നിർദേശം ചെയ്തത്. മതിയായ യോഗ്യത ഇല്ലാത്തവരെയായിരുന്നു ഗവർണർ നാമനിർദേശം ചെയ്തിരുന്നതെന്ന് ആരോപണം ഉയർന്നിരുന്നു.