ഇ.ഡി രജിസ്റ്റർ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജിയിൽ വിധി പറയുക. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ.ഡി തനിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് എം ശിവശങ്കർ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇ.ഡിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചാണ് എം ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇ.ഡി ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദ്ദം ചെലുത്തി. അത് താന്‍ നിരസിച്ചതാണ് തന്‍റെ അറസ്റ്റിലേക്ക് നയിച്ചത്. ഇ.ഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസ് അന്വേഷിക്കുന്നത്. സ്വപ്നയുടെ ലോക്കര്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. എന്‍.ഐ.എ പറയുന്നത് ലോക്കറിലെ പണം കള്ളക്കടത്തില്‍ നിന്നുള്ളതാണെന്നാണ്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലെല്ലാം കള്ളക്കടത്ത് പണമാണ് ലോക്കറിലുണ്ടായിരുന്നതെന്ന് പറയുന്നു. എന്നാല്‍ ഇ.ഡി പറയുന്നത് കൈക്കൂലിയെന്ന്. കസ്റ്റംസ് ഓഫീസറെ താന്‍ വിളിച്ചുവെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്ന ഇ.ഡിയുടെ വാദം തെറ്റാണ്. താന്‍ വിളിച്ചത് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനെയാണ്. സ്വപ്നയോട് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിട്ടില്ല. ഇ.ഡി അവരുടെ താത്പര്യമനുസരിച്ചാണ് കേസ് അന്വേഷിക്കുന്നതെന്നുമാണ് ശിവശങ്കറിന്‍റെ വാദം.
എന്നാൽ ശിവശങ്കറിന്‍റെ പങ്കിനെ കുറിച്ച് സ്വപ്നം എല്ലാം തുറന്ന് പറഞ്ഞെന്നും ഇതിന് തെളിവുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. തെളിവുകൾ ഇ.ഡി മുദ്ര വെച്ച കവറിൽ ഹാജരാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ച് ശിവശങ്കറിന് കോടതി ജാമ്യം അനുവദിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ജാമ്യം നൽകിയില്ലെങ്കിൽ 26 വരെ ശിവശങ്കർ ജയിലിൽ തുടരും.
അതേസമയം, ലൈഫ്മിഷൻ ക്രമക്കേടിൽ എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഇന്നു കോടതിയെ സമീപിക്കും. എറണാകുളം സെഷൻസ് കോടതിയിലാണ് ഹർജി സമർപ്പിക്കുക. കോൺസുലേറ്റ് ഉദ്യോഗസ്ഥനായ ഖാലിദ് അലിയ്ക്ക് സന്തോഷ് ഈപ്പൻ കമ്മീഷനായി നൽകിയ ഡോളറിന്റെ വിശദാംശങ്ങൾ ഇന്നു കൊച്ചിയിലെ ആക്സിസ് ബാങ്കിൽ നിന്നു വിജിലൻസ് ശേഖരിക്കും.