പാനൂർ ബോംബ് സ്ഫോടന കേസിലെ പ്രതികളായി റിമാൻഡിൽ കഴിയുന്ന 5 ഡിവൈഎഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ബോംബ് സ്ഫോടനത്തിൽ പങ്കില്ലെന്നും സംഭവം കേട്ടറിഞ്ഞു സ്ഥലത്ത് എത്തിയവരെയാണ് പൊലീസ് കേസിൽ ഉൾപ്പെടുത്തിയതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
മൂന്ന് മുതൽ ഏഴു വരെ പ്രതികളായി രേഖപ്പെടുത്തിയിട്ടുള്ള ഒകെ അരുൺ, എപി ഷബിൻലാൽ, കെ അതുൽ, സി സായൂജ്, പിവി അമൽബാബു എന്നിവരാണ് തലശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ എല്ലാവർക്കും ബോംബ് ഉണ്ടാക്കുന്ന വിവരം അറിയാമായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. ബോംബുകൾ ഒളിപ്പിച്ചെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
അതിനിടെ പ്രതികൾക്ക് ബോംബ് നിർമാണത്തിന് ആവശ്യമായ വെടിമരുന്ന് എവിടെ നിന്ന് ലഭിച്ചുവെന്ന വിവരം പൊലീസിനു ലഭിച്ചതായാണ് സൂചന. പ്രതികളിൽ ചിലർക്ക് കരിങ്കൽ ക്വാറിയുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസും ബോംബ് സ്ഫോടനം നടന്ന വീട് ഇന്ന് സന്ദർശിക്കും.