കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍റെയും താഹയുടെയും ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സി.പി.എമ്മിന്‍റെ മുഖം രക്ഷിക്കാനാണ് പൊലിസ് ശ്രമിച്ചതെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു.
നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബർ ഒന്നിന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.
യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവർ ഹർജി നൽകിയിരിക്കുന്നത്. തങ്ങളുടെ കൈവശം എഫ്.ഐ.ആറിന്‍റെയും റിമാൻഡ് റിപ്പോർട്ടിൻറയും പകർപ്പുകളല്ലാതെ മറ്റൊന്നുമില്ലെന്നും കേസ് ഡയറി പരിശോധിച്ച് കോടതി തീരുമാനമെടുക്കണമെന്നുമാണ് ഹർജിക്കാരുടെ വാദം. കേസ് ഡയറി പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക് കൈമാറിയിരുന്നു. കേസിൽ അന്വേഷണം നടക്കുകയാണന്നും പ്രതികൾക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെയാൾ നിരവധി യു.എ.പി.എ കേസുകളിൽ പ്രതിയാണന്നും സർക്കാർ കോടതിയെ അറിയിച്ചു.
എസ്.എഫ്.ഐ പ്രവർത്തകരെയാണ് പിടികൂടിയതെന്നും പാർട്ടിയുടെ മുഖം രക്ഷിക്കാനാണ് പൊലിസ് ശ്രമിക്കുന്നതെന്നും പ്രതികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വാദം പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റിയ കോടതി, കേസ് ഡയറി നാളെ പൊലിസിന് തിരികെ നൽകാമെന്നും അറിയിച്ചു.