പ്രതികള്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കുമെന്നു പ്രോസിക്യൂഷൻ; അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ച

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസിൽ രണ്ട് യുവാക്കളുടെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി  ബുധനാഴ്ചത്തേക്ക് മാറ്റിയത്.

ജാമ്യാപേക്ഷ പരിഗണിച്ച കോടതി രണ്ട് ഭാഗങ്ങളുടേയും വാദം കേള്‍ക്കുക മാത്രമാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്തത്. ജാമ്യാപേക്ഷയെ പ്രോസിക്യുഷൻ എതിര്‍ത്തു. പൊലീസ് ശേഖരിച്ച തെളിവുകൾ  കോടതിയിൽ  സമർപ്പിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. യുഎപിഎ സാധ്യത പരിശോധിക്കാൻ രണ്ടുദിവസം കൂടി സാവകാശം വേണമെന്നും പ്രോസിക്യൂഷൻ  കോടതിയോട് ആവശ്യപ്പെട്ടു.

യു.എ.പി.എ ചുമത്തേണ്ട കേസല്ല ഇതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എം.കെ ദിനേഷ് വാദിച്ചു. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. ഇവര്‍ സി.പി.എം അംഗങ്ങളാണ്. വിദ്യാർത്ഥികളായ രണ്ടുപേര്‍ക്കെതിരെ ചെറിയ കാരണങ്ങൾക്ക് യുഎപിഎ ചുമത്തുന്നത് ശരിയല്ല.ഇവരുടെ ഭാവി തകര്‍ക്കുന്ന രീതിയിലുള്ളതാണ് പോലീസ് നടപടികള്‍. ലഘുലേഖ കണ്ടതു മാത്രം വച്ച് കേസെടുക്കാനാവില്ലെന്നും യുഎപിഎ വകുപ്പ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. പൊലീസ് റിപ്പോര്‍ട്ടിലെ കുറ്റസമ്മതത്തിൽ സിപിഐ മാവോയിസ്റ്റ് എന്നു പറയുന്നുണ്ടല്ലൊ എന്ന് കോടതി ചോദിച്ചു. പൊലീസുമായി ആലോചിച്ച് യുഎപിഎ റദ്ദാക്കാൻ പറ്റുമോ എന്ന് രണ്ടു ദിവസത്തിനുള്ളിൽ പറയാമെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

റിമാന്‍ഡ് റിപ്പോര്‍ട്ടിലും യു.എ.പി.എയുടെ കാര്യം പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാവശ്യമായ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന നിലപാടിലാണ് പോലീസ്. എന്നാല്‍ യു.എ.പി.എ നിലനില്‍ക്കുമോ എന്ന കാര്യത്തിന് മറുപടി പറയാന്‍ രണ്ട് ദിവസം സമയം വേണമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. ഇതാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടാന്‍ കാരണം.