ബാലഭാസ്‌കറിന്റെ മരണം: കാറോടിച്ചിരുന്നത് അര്‍ജുന്‍ തന്നെ; മൂന്നു മാസത്തിലേറെയായി അര്‍ജുനുമായി ബന്ധമില്ലെന്നും പ്രകാശ് തമ്പി

ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ കസ്റ്റഡിയിലുള്ള പ്രകാശ് തമ്പിയുടെ മൊഴി പുറത്ത്. അപകടസമയത്ത് അര്‍ജുന്‍ തന്നെയാണ് കാറോടിച്ചിരുന്നതെന്നും ആശുപത്രിയില്‍ വെച്ച് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും പ്രകാശ് തമ്പി പറഞ്ഞു. അര്‍ജുന്‍ മൊഴി മാറ്റിയതു കൊണ്ടാണ് താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. മൂന്നുമാസത്തിലേറെയായി അര്‍ജുനുമായി ബന്ധമില്ല.

തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ല. ബാലഭാസ്‌കറിനോടൊപ്പം വിദേശത്ത് സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ പോയിട്ടുണ്ട്. പരിപാടി കഴിയുമ്പോള്‍ ബാലഭാസ്‌കര്‍ പണം നല്‍കും. മറ്റ് സാമ്പത്തിക ഇടപാടുകളൊന്നും ഇല്ലായിരുന്നുവെന്നും പ്രകാശ് തമ്പി പറഞ്ഞു. കാക്കനാട് ജയിലില്‍ പ്രകാശ് തമ്പിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.

അപകടസമയത്ത് വാഹനമോടിച്ചു എന്ന കരുതപ്പെടുന്ന ഡ്രൈവര്‍ അര്‍ജുന്‍ ഒളിവിലാണ്. അപകടസമയത്ത് കാറിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അര്‍ജുനായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്നാണ്. അതേസമയം പൊലീസിനു നല്‍കിയ മൊഴിയില്‍ അര്‍ജുന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. കൊല്ലത്തിനടുത്ത് പള്ളിമുക്ക് എന്ന സ്ഥലത്തു നിര്‍ത്തി ജ്യൂസ് കുടിച്ച ശേഷം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നായിരുന്നു അര്‍ജുന്റെ മൊഴി. എന്നാല്‍ ലക്ഷ്മി ഇത് നിഷേധിക്കുന്നു.

ഇയാള്‍ അസമിലാണുള്ളതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അപകടത്തില്‍ പരിക്കേറ്റ അര്‍ജുന്‍ ഇത്ര ദുര്‍ഘടമായ യാത്രയുള്ള സ്ഥലത്തേക്ക് പോയതില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. വലതുകാലിനടക്കം ഗുരുതരമായി പരിക്കേറ്റ അര്‍ജുന്‍ എന്തിന് ഇത്ര വലിയ യാത്ര പോയി എന്നത് ദുരൂഹമായി തുടരുന്നു.