വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ദുരൂഹമരണത്തിലെ സിബിഐ പുനരന്വേഷണ റിപ്പോർട്ടിന് എതിരെ പിതാവ് കെസി ഉണ്ണി കോടതിയിലേക്ക്. അന്വേഷണം നടത്താതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും സിബിഐയുടെ പുനരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കെസി ഉണ്ണിയുടെ അഭിഭാഷകൻ അഡ്വക്കേറ്റ് രാമൻ കർത്ത വ്യക്തമാക്കി.
അന്വേഷണത്തിൽ പിഴവുകൾ ഉണ്ട്. പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ അറിയിച്ചു. ബാലഭാസ്‌കറിന്റേയും മകളുടേയും ജീവനെടുത്ത കാർ അപകടം നടക്കുമ്പോൾ ഡ്രൈവറായിരുന്ന അർജുൻ, മലപ്പുറത്ത് സ്വർണ്ണക്കവർച്ച കേസിൽ അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്ത് ആക്ഷേപം വീണ്ടും ചർച്ചയാകുന്നത്. സമാന ആരോപണം നേരത്തെ ബാലഭാസ്‌കറിന്റെ പിതാവ് ഉന്നയിച്ചിരുന്നു.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാവർത്തിച്ച് ആയിരുന്നു സിബിഐയുടെ പുനരന്വേഷണ റിപ്പോർട്ട്. ഡ്രൈവർ അർജുൻ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് റിപ്പോർട്ടിലുണ്ട്. ബാലഭാസ്‌ക്കറിന്റേത് അപകട മരണം എന്ന കണ്ടെത്തലോടെയാണ് റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു സിബിഐയുടെ പുനരന്വേഷണം നടന്നത്.
2018 സെപ്റ്റംബർ 25നായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം അപകടത്തിൽപ്പെട്ടത്. ചികിത്സയിലിരിക്കെ ഒക്ടോബർ രണ്ടാം തീയതി ബാലഭാസ്‌കറും മകൾ തേജസ്വിനി ബാലയും മരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവറായിരുന്ന അർജുനും പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.