തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് പാര്‍ട്ടി അന്വേഷിക്കുമെന്ന് സി.പി.എം. നൂറു കോടിയുടെ വായ്പാ തട്ടിപ്പില്‍ ആരൊക്കെ പങ്കാളികളായിട്ടുണ്ടോ അവരെല്ലാം ശിക്ഷിക്കപ്പെടുമെന്നും സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് പറഞ്ഞു. വായ്പാ തട്ടിപ്പില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിലപാട് ഇങ്ങനെയാണ്. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നൂറു കോടിയുടെ വായ്പാ തട്ടിപ്പില്‍ ആരൊക്കെ പങ്കാളികളായിട്ടുണ്ടോ അവരെല്ലാം ശിക്ഷിക്കപ്പെടണം. സി.പി.എം. ഭരണസമിതി ആയതുക്കൊണ്ടുതന്നെ പാര്‍ട്ടിയും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ടെന്നും വര്‍ഗീസ് പറഞ്ഞു. നിലവിലെ ഭരണസമിതിയ പിരിച്ചുവിടാനാണ് സഹകരണ വകുപ്പില്‍ നിന്നുള്ള ശുപാര്‍ശ. ബാങ്ക് സെക്രട്ടറി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരിക്കുന്നത്.
ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു, മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ്, കരാറുകാരായ കിരൺ, ബിജോയ്, ബാങ്കിന് കീഴിലുള്ള സൂപ്പർമാർക്കറ്റിലെ അക്കൗണ്ടന്റ് റെജി അനിൽ എന്നിവർക്കെതിരെയാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്.
ഒരു ആധാരത്തിന്‍ മേല്‍ ഭൂഉടമ അറിയാതെ പലതവണ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. പല ആധാരങ്ങളുടേയും വായ്പാ തുക ഒരാളുടെ അക്കൗണ്ടിലേയ്ക്കാണെന്നും പൊലീസ് കണ്ടെത്തി. സഹകരണ വകുപ്പിലെ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലും വ്യാപകമായ തട്ടിപ്പ് ബോധ്യപ്പെട്ടു. സി.പി.എമ്മുമായി ബന്ധമുള്ളവരാണ് ബാങ്ക് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍. ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്രയും വലിയ തട്ടിപ്പ് നടക്കില്ലെന്ന് പൊലീസ് പറയുന്നു. ഭരണസമിതിയുടെ പങ്കും വെളിച്ചത്തു വരേണ്ടതുണ്ട്. ഇതിനോടകം, കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എമ്മിനെതിരെ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്.